എല്ലാം അറിയാം, ഒന്നും കാണുന്നില്ല!

Tuesday 07 December 2021 12:16 AM IST

കൊല്ലം: പുനരുദ്ധാരണ പദ്ധതികൾ പ്രഖ്യാപിക്കാതെ, പരമ്പരാഗത വ്യവസായമെന്ന പരിഗണന നൽകാതെ കശുഅണ്ടി മേഖലയെ ഇരുട്ടിൽ തള്ളിയിരിക്കുകയാണ് അധികൃതർ. എണ്ണൂറോളം കശുഅണ്ടി ഫാക്ടറികളുണ്ട് ജില്ലയിൽ. രണ്ടര ലക്ഷത്തിലധികം പ്രത്യക്ഷ തൊഴിലാളികൾ, മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നത് 10 ലക്ഷത്തോളം പേർ... പക്ഷേ ഇതൊന്നും ഉത്തരവാദിത്വപ്പെട്ടവർക്ക് അതക്രണ്ട് ബോധിച്ചിട്ടില്ല.

കുത്തനെ ഉയർത്തിയ ഇറക്കുമതി ചുങ്കവും കയറ്റുമതി തീരുവയുമെല്ലാം കശുഅണ്ടി വ്യവസായത്തെ പിന്നോട്ടടിച്ചെങ്കിലും കാര്യക്ഷമമായ ഇടപെടൽ സർക്കാർ തലത്തിൽ നടത്താത്തതാണ് പ്രതിഷേധാർഹം. തൊഴിലിടത്തിൽ 98 ശതമാനവും സ്ത്രീ തൊഴിലാളികളാണെന്ന പരിഗണന പോലും കശുഅണ്ടി മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

# ഡിമാൻഡുണ്ടെങ്കിലും

പരമ്പരാഗത രീതിയിൽ സംസ്കരണം നടത്തുന്നതിനാൽ കേരളത്തിൽ നിന്നുള്ള കശുഅണ്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. ഇവിടെ ചുട്ടെടുത്താണ് തോട്ടണ്ടി സംസ്‌കരിക്കുന്നത്. മറ്റിടങ്ങളിൽ പുഴുങ്ങിയെടുത്തുള്ള സംസ്കരണമായതിനാൽ അവ വളരെ വേഗം നശിക്കും. രുചിയിലും ഗുണമേന്മയിലും പിന്നിലാണ്. ഗുണമേൻമ മുൻനിറുത്തിയുള്ള വിപണന, കയറ്റുമതി സാദ്ധ്യതകളെ കുറിച്ച് ഇപ്പോഴും കാര്യമായ പഠനങ്ങളും ഇടപെടളുകളും സർക്കാരോ ഫാക്ടറി ഉടമകളോ ചെയ്തിട്ടില്ലെന്നതാണ് നിലവിലെ പ്രതിസന്ധികൾ.

# എരിതീയിൽ എണ്ണ

കശുഅണ്ടി ഇറക്കുമതിക്ക് രജിസ്‌ട്രേഷനും അംഗത്വവും നൽകാനുള്ള അധികാരം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതോടെ, ആറര പതി​റ്റാണ്ടിന്റെ പാരമ്പര്യമുള്ള കാഷ്യൂ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലായി. കയ​റ്റുമതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്കും വിദേശ വാണിജ്യ നയത്തിന്റെ ഭാഗമായുള്ള നികുതി ആനുകൂല്യങ്ങൾക്കും രജിസ്‌ട്രേഷൻ, അംഗത്വ സർട്ടിഫിക്ക​റ്റ് (ആർ.സി.എം.സി) എന്നിവ നൽകാനുള്ള കൗൺസിലിന്റെ അധികാരമാണ് ജൂൺ 14ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്റാലയം റദ്ദാക്കിയത്. ഇതിനു പിന്നിൽ ഇറക്കുമതി ഇടനിലക്കാരുടെ സംഘമാണെന്ന ആരോപണവും ഉയർന്നിരുന്നു.

# തിരിച്ചടിയായത് ഇറക്കുമതി

 കേരള ബ്രാൻഡ് കശുഅണ്ടി പരിപ്പിന് വിദേശവിപണിയിൽ വൻഡിമാൻഡ്

 സംസ്ഥാനത്ത് ഏ​റ്റവുംകൂടുതൽ കശുഅണ്ടി സംസ്‌കരണം നടക്കുന്നത് കൊല്ലത്ത്

 വിയ​റ്റ്‌നാമിൽ നിന്നുൾപ്പെടെ വിദേശത്തുനിന്ന് ഉത്പാദനച്ചെലവ് കുറവുള്ള പരിപ്പുകൾ അനധികൃതമായി കേരളത്തിലെത്തിയത് തിരിച്ചടി

 സംസ്ഥാനത്ത് കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലാളികൾ 10 ലക്ഷത്തിലധികം

 കശുഅണ്ടി സംസ്‌കരണം കൂടുതലും കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ

 ഉത്പാദനച്ചെലവ് കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഫിനിഷ്ഡ്, സെമി ഫിനിഷ്ഡ് ഇറക്കുമതിയിലൂടെ കശുഅണ്ടി വ്യവസായം പിന്നാക്കം പോയി

# കാഷ്യു എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ

1. കശുഅണ്ടി പരിപ്പിന്റെ കയ​റ്റുമതിയും വ്യവസായത്തിന്റെ പുരോഗതിയും ലക്ഷ്യമിട്ട് 1955ൽ കൊച്ചിയിൽ ആരംഭിച്ചു

2. പരിപ്പിന്റെ ഗുണനിലവാരം, തനിമ എന്നിവ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം

3. കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്‌സിന്റെയും ആസ്ഥാനങ്ങൾ കൊല്ലത്ത്

4. 2010ൽ കാഷ്യൂ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ ആസ്ഥാനം കൊല്ലത്തേക്ക്

5. ഇറക്കുമതി ചെയ്യുന്ന പരിപ്പുകളുടെ ആധിക്യം തടയാൻ ഫലപ്രദമായ ഇടപെടൽ

6. ജീവനക്കാർക്ക് ശമ്പളം പ്രതിവർഷം 1.2 കോടി രൂപ

Advertisement
Advertisement