ആശ്വാസ വാർത്ത, കേരളത്തിൽ നിന്നുള്ള എട്ട് പേരുടെ പരിശോധനാഫലവും നെഗറ്റീവ്; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

Tuesday 07 December 2021 12:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരുടെ സാമ്പിളുകളുമാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോൺ ജനിതക പരിശോധന നടത്തുന്നത്.

അതേസമയം ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.