നാട്ടിൻപുറങ്ങളിൽ പ്രിയമേറി 'വിജയ് '

Wednesday 08 December 2021 12:39 AM IST

കല്ലടിക്കോട്: വിജയ് എന്ന ഇനം കുരുമുളകിന് നാട്ടിൽ പുറങ്ങളിൽ പ്രിയമേറുന്നു. കുരുമുളകിന്റെ ഉയർന്ന വിലയും ഗുണനിലവാരവുമാണ് കർഷകർ ഈ പുതിയ ഇനത്തിന് മുന്തിയ പരിഗണന നൽകാൻ കാരണം.

കേരളത്തിൽ പ്രചാരത്തിലുള്ള മറ്റേതൊരു കുരുമുളകിനെക്കാളും മികച്ചതാണ് വിളയുടെ ഗുണമേന്മ. തണൽ പ്രദേശങ്ങൾക്ക് അനുയോജ്യമായ പന്നിയൂർ രണ്ട്, നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണിത്. 19 സെ. മീറ്റർ വരെ നീളമുള്ള തിരി, പൂർണ വലിപ്പമുള്ള മണികൾ, 42 ശതമാനം വരെ ഉണക്കൽ എന്നിവയാണ് സവിശേഷതകൾ. മാതൃവള്ളികളുടെ ജനിതക സ്വഭാവം എന്ന നിലയിൽ തണൽ പ്രദേശങ്ങളിലും ഇടവിളകളിലും കൃഷി ചെയ്യാൻ അനുയോജ്യമാണ് 'വിജയ്'. ഒരു ഹെക്ടറിൽ നിന്ന് ശരാശരി 2647 കിലോ വിളവ് ലഭിക്കും. കോൺക്രീറ്റ് തൂണുകളിലും ഈ ഇനം നട്ട് വളർത്താമെന്ന പ്രത്യേകതയുണ്ട്. ഗ്രാമീണമേഖലകളിൽ ആവശ്യം പരിഗണിച്ച് വിജയ് കുരുമുളകിന്റെ നടീൽ വസ്തുക്കൾ കൃഷി ഭവന് കീഴിലുള്ള കരിമ്പ ഇക്കോഷോപ്പിൽ ലഭ്യമാണ്.

പ്രത്യേകതകൾ

  • നീളമുള്ള ചില്ലകൾ,
  • നല്ല മുഴുത്ത തൂക്കമുള്ള മണികൾ,
  • ഇടതൂർന്ന വളർച്ച,
  • ഉരുണ്ട ശക്തമായ വേരുകൾ, ഇളം കടും പച്ച,
  • ഇടത്തരം മുതൽ വലിയ ഇലകൾ
Advertisement
Advertisement