പൊളിക്കൽ തീരുമാനമെന്ന്? , കുതിരാനിലെ പഴയപാത പൊളിക്കലിൽ തീരുമാനമെടുക്കാനാകാതെ അധികൃതർ

Wednesday 08 December 2021 12:41 AM IST

വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാനിലെ പഴയപാത പൊളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ അധികൃതർ. കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ പടിഞ്ഞാറെ ഭാഗത്ത് വലത്തേ തുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കണമെങ്കിൽ പഴയപാത പൊളിക്കണം. പൊളിക്കലിന് മുന്നോടിയായി ഇടത് തുരങ്കത്തിലൂടെ ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചിരുന്നു. എന്നാൽ ഗതാഗതക്രമീകരണം തുടങ്ങിയ നവംബർ 25 മുതൽ എല്ലാ ദിവസവും വൈകീട്ട് കുതിരാനിൽ കുരുക്ക് രൂപപ്പെടുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരങ്ങളിൽ വാഹനങ്ങൾ കൂടുതൽ എത്തുന്നതിനാൽ കുരുക്ക് രൂക്ഷമാകുന്ന സ്ഥിതിയാണ്. ഈ സമയത്ത് പഴയപാത വഴി വാഹനം തിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കുന്നത്. എന്നാൽ പാത പൊളിക്കുന്നതോടെ ഈ സാധ്യത അടയും. ഇതേതുടർന്നാണ് പാത പൊളിക്കാനുള്ള അനുമതി നൽകാൻ വൈകുന്നത്.

മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ തൃശൂർ കളക്ടർ, ദേശീയപാതാ അതോറിറ്റി, പൊലീസ്, പൊതുമരാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പഴയ പാത പൊളിക്കുന്നതിന് മുന്നോടിയായി ഇടത് തുരങ്കത്തിലൂടെ ഇരുദിശകളിലേക്കും ഗതാഗതം തുടങ്ങാൻ തീരുമാനിച്ചത്. കെ. രാജന്റെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്ന ശേഷമാണ് പഴയപാത പൊളിക്കുന്നതിന് അനുമതി നൽകുക. കുരുക്ക് നിയന്ത്രണ വിധേയമായ ശേഷം പാത പൊളിക്കാൻ അനുമതി നൽകാമെന്ന നിലപാടിലാണ് അധികൃതർ.

കുരുക്ക് നിയന്ത്രിക്കുന്നത് വെല്ലുവിളി

ഗതാഗതകുരുക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന വെല്ലുവിളി തുടരുകയാണ്. വൈകുന്നേരങ്ങളിൽ കുതിരാൻ വഴി ചരക്കുവാഹനങ്ങൾ വരുന്നത് നിയന്ത്രിച്ചും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വടക്കാഞ്ചേരി, ഷൊർണൂർ വഴി തിരിച്ചുവിട്ടും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് ഒഴിവാക്കാനായിട്ടില്ല. വിഷയത്തിൽ ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ ഇതിന്റെ പേരിൽ ആറുവരിപ്പാത വികസനം അനിശ്ചിതമായി നീണ്ടുപോകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 2013ൽ പൂർത്തിയാകേണ്ട ആറുവരിപ്പാത വികസനമാണ് പല കാരണങ്ങളെ തുടർന്ന് ഇപ്പോഴും മന്ദഗതിൽ നടക്കുന്നത്.

Advertisement
Advertisement