ഉടൻ നടപടിയെടുക്കാമെന്ന് ആരോഗ്യമന്ത്രി; നാളെ നടത്താനിരുന്ന പി ജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു

Tuesday 07 December 2021 10:01 PM IST

തിരുവനന്തപുരം: പി.ജി ഡോക്‌ടർമാരുടെ ആവശ്യങ്ങളിൽ രണ്ട് ദിവസത്തിനകം നടപടിയെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിൽ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു.നാളെ നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്. പി.ജി ഡോക്‌ടർമാരുടെ കുറവ് നികത്തുമെന്ന് ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയിൽ അറിയിച്ചു. നോൺ അക്കാഡമിക്ക് ജൂനിയർ അക്കാഡമിക് ഡോക്‌ടർമാരെ നിയമിക്കും. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നാളെമുതൽ അത്യാഹിത വിഭാഗ ഡ്യൂട്ടി ബഹിഷ്‌കരിക്കാനായിരുന്നു സമരം ചെയ്യുന്ന ഡോക്‌ടർമാർ തീരുമാനിച്ചിരുന്നത്. നിലവിൽ ഡോക്‌ടർമാർ സമരം ചെയ്‌തിരുന്നപ്പോൾ ഹൗസ് സർജന്മാരും മുതിർന്ന ഡോക്‌ടർമാരുമാണ് വാർഡുകളിലെ ഉൾപ്പടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മതിയായ ഡോക്‌‌ടർമാരില്ലാതെ ആശുപത്രികളുടെ പ്രവർത്തനം താളംതെ‌റ്റാതിരിക്കാനാണ് സർക്കാർ ചർച്ച നടത്തി സമരം അവസാനിപ്പിച്ചത്.