ട്രൈബൽ വില്ലേജ് പദ്ധതിയിൽ അനിശ്ചിതത്വം : പണി തീരാതെ 25 വീടുകൾ

Wednesday 08 December 2021 12:01 AM IST

മലപ്പുറം: ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതിയായ കണ്ണൻകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് പദ്ധതി അനിശ്ചിതത്വത്തിൽ. വീട് നിർമ്മാണം ഏറ്റെടുത്തിരുന്ന നിർമ്മിതി കേന്ദ്രയ്ക്കെതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചു പോയി. 2019ൽ ആരംഭിച്ച പദ്ധതിയിൽ മതിൽമൂല കോളനിയിലെ 34 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു സർക്കാർ ഏർപ്പെടുത്തിയിരുന്നത്. പദ്ധതി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും ഒമ്പത് വീടുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ബാക്കി വരുന്ന 25 വീടുകളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

2018ലെ പ്രളയത്തെ തുടർന്ന് മതിൽമൂല കോളനിയിൽ നിരവധി കുടുംബങ്ങൾക്ക് വീടുകൾ നഷ്ടമായിരുന്നു. തുടർന്നാണ് 2019ൽ ആദിവാസികളുടെ പുനരധിവാസത്തിനായി വനംവകുപ്പിൽ നിന്ന് സർക്കാർ 25 ഏക്കർ സ്ഥലം വാങ്ങി കണ്ണൻകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട 34 ആദിവാസി കുടുംബങ്ങൾക്കും ആറ് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. നിർമ്മിതി കേന്ദ്രം പണിത ഒമ്പതു വീടുകളും പ്രതീക്ഷയ്ക്കൊത്ത വീടുകളായില്ലെന്ന പരാതിയെ തുടർന്ന് കേന്ദ്രത്തെ പ്രവ‌ൃത്തിയിൽ നിന്നും നീക്കം ചെയ്തിരുന്നു. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഇഷ്ടപ്രകാരം വീട് പണിയാനുള്ള സൗകര്യമാണ് പിന്നീട് സർക്കാർ ഏർപ്പെടുത്തിയത്. ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനായി 6 ലക്ഷം രൂപ ഘട്ടംഘട്ടമായി നൽകാമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവ‌ൃത്തി തുടങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല. തുക ലഭിക്കാനുള്ള നടപടികളടക്കം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്.

മണ്ണെണ്ണ വിളക്ക് തെളിയാനും മൂന്ന് മാസം

പദ്ധതിയിൽ വീട് ലഭിക്കാത്ത കുടുംബങ്ങളിൽ ഭൂരിഭാഗവും താമസിക്കുന്നത് ഷെഡ്ഡുകളിലാണ്. വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കാണ് ആശ്രയം. എന്നാൽ റേഷൻ കടകളിൽ നിന്ന് മൂന്നുമാസം കൂടുമ്പോൾ മാത്രമാണ് മണ്ണെണ്ണ ലഭിക്കുന്നതെന്ന് ആദിവാസികൾ പറയുന്നു. വൈദ്യുതിക്കായി അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇവർക്ക് അത്യാവശ്യം സഞ്ചരിക്കാനാവശ്യമായ റോഡുകളും ഇവിടെയില്ല.

സർക്കാരിന് വീടുകളുടെ പ്രവൃത്തി പട്ടിക വർഗ്ഗ സേവാ സൊസൈറ്റിയെ ഏൽപ്പിക്കാമായിരുന്നു. നിരവധി വിധവകളും തൊഴിലറിയാവുന്ന പുരുഷൻമാരും സൊസൈറ്റിയിൽ അംഗങ്ങളാണ്. ഇവർക്ക് ദിവസവേതനം ലഭിക്കാനും വീടുകളുടെ പണി പാതിവഴിയിൽ മുടങ്ങാതെ പൂർത്തീകരിക്കാനും സാധിക്കുമായിരുന്നു.

ചിത്ര

പട്ടിക വർഗ്ഗ സേവാ സൊസൈറ്റി,സെക്രട്ടറി

തുക ലഭിക്കേണ്ടത്

ആദ്യ ഘട്ടം 15 %

രണ്ടാം ഘട്ടം 20 %

മൂന്നാം ഘട്ടം 35 %

നാലാം ഘട്ടം 20 %

അഞ്ചാം ഘട്ടം 10 %

Advertisement
Advertisement