ട്രഷറിയിൽ 40,​000 കോടി ഇട്ടിട്ടും പെൻഷൻകാർക്ക് അവഗണന

Wednesday 08 December 2021 12:04 AM IST

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലും അഞ്ചര ലക്ഷത്തോളം പെൻഷൻകാരുടെ 40,​000 കോടി രൂപ ട്രഷറിയിൽ സ്ഥിര നിക്ഷേപമായി കിടക്കുമ്പോഴാണ് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഓൺലൈൻ സേവനങ്ങൾ നൽകാതെ അവരെ അവഗണിക്കുന്നത്.
കേരളത്തിൽ പത്തുവർഷം മുമ്പാരംഭിച്ച ട്രഷറി ആധുനികവത്കരണം ഏറെ പുരോഗമിച്ചെങ്കിലും പൊതുജന സേവനത്തിൽ ഇപ്പോഴും പിന്നിലാണ്.

സെർവറിന്റെ ശേഷിക്കുറവും സോഫ്റ്റ്‌വെയറിന്റെ അപാകതയുമാണ് കാരണമായി പറയുന്നത്. ഒാൺലൈൻ പേരിന് മാത്രമെന്ന് ചുരുക്കം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത്. സമഗ്രതയെക്കാൾ ഒാരോ സമയത്തെ ആവശ്യങ്ങൾ അനുസരിച്ചുള്ള സാങ്കേതിക വികസനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാവീഴ്ചയുണ്ടെന്ന പരാതിയുണ്ട്.

പ്രശ്നം സുരക്ഷ

 ഒാൺലൈൻ അക്കൗണ്ടിൽ സുരക്ഷയില്ല.

തെറ്റായ പാസ്‌വേർഡ് എത്ര തവണ കൊടുത്താലും സൈറ്റ് ലോക്കാകാതെ പ്രവർത്തിക്കും.

 കൃത്യമായി ലോഗ് ഒൗട്ട് ചെയ്തില്ലെങ്കിൽ തുറന്ന് തന്നെയിരിക്കും.

പൊതുസ്ഥലങ്ങളിലോ അക്ഷയസെന്ററിലോ ഒാൺലൈൻ അക്കൗണ്ട് നോക്കുന്നവർ കബളിപ്പിക്കപ്പെടാൻ സാദ്ധ്യത

പെൻഷൻകാരുടെ മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനമില്ല.

ആദായനികുതി കുറവ് ചെയ്ത് അടയ്‌ക്കാനും ബാലൻസ് നോക്കാനും സ്റ്റേറ്റ്‌മെന്റ് എടുക്കാനും കഴിയില്ല.

 മുമ്പേ നടന്ന് തമിഴ്നാട്

ട്രഷറി സേവനങ്ങൾ ഒാൺലൈൻ ആക്കാനുള്ള സമഗ്രപദ്ധതിക്ക് രാജ്യത്ത് തുടക്കം കുറിച്ചത് കേരളമാണെങ്കിലും പിന്നാലെ വന്ന തമിഴ്നാട് മുന്നിൽ കയറി.

സെർവർ പ്രശ്നവും സോഫ്റ്റ്‌വെയർ അപാകതകളും മൂലം ട്രഷറി സേവനങ്ങൾ കേരളത്തിലെ സാധാരണക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടാതെ പോകുമ്പോഴാണ് തമിഴ്നാട് മുന്നേറുന്നത്. തമിഴ്നാട് സർക്കാർ തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് ഫിനാൻസ് ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഏകീകൃത പോർട്ടിലിലൂടെയാണ് ധനകാര്യ വിഭാഗത്തിലെ ട്രഷറി ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകളും നിയന്ത്രിക്കുന്നത്. ഒറ്റ ക്ളിക്കിൽ ധനകാര്യമാനേജ്മെന്റ് സംവിധാനങ്ങൾ നിരീക്ഷിക്കാം. അന്താരാഷ്ട്ര ഐ.ടി.കമ്പനികളായ അസൻജർ ലിമിറ്റഡ്, വിപ്രോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് എന്നിവയുടെയും ഇന്ത്യൻ ബാങ്കിന്റെയും സഹകരണമുണ്ട്.

Advertisement
Advertisement