കാർഷിക വായ്പ: എസ്.ബി.ഐയും അദാനിയും കൈകോർക്കുന്നു

Wednesday 08 December 2021 12:55 AM IST

കൊച്ചി: ട്രാക്‌ടറും മറ്റു കാർഷികോപകരണങ്ങളും വാങ്ങാനും അതുവഴി കാർഷികോത്പാദനം മെച്ചപ്പെടുത്താനുമായി കർഷകർക്ക് സംയുക്ത വായ്‌പ നൽകാൻ എസ്.ബി.ഐ, അദാനി ഗ്രൂപ്പിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) അദാനി കാപ്പിറ്റലുമായി കൈകോർക്കുന്നു. ആധുനിക കൃഷിരീതികളിലേക്ക് കടന്നിട്ടില്ലാത്ത ഉൾനാടുകളിലെ കർഷകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കർഷക വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിലൂന്നി, കാർഷിക മേഖലയിൽ യന്ത്രവത്കരണം ഉറപ്പാക്കാനും സംഭരണശാലകൾ കാര്യക്ഷമമാക്കാനും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് എൻ.ബി.എഫ്.സികളുമായുള്ള എസ്.ബി.ഐയുടെ സഹകരണം.

അദാനിയുടെ ലക്ഷ്യം കാർഷിക

മേഖലയുടെ നിയന്ത്രണം: തോമസ് ഐസക്

കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിച്ചതും ബാങ്കിംഗ് രംഗത്തേക്ക് കുത്തകകൾ വരുന്നതിനോടുള്ള റിസർവ് ബാങ്കിന്റെ എതിർപ്പും അദാനി ഗ്രൂപ്പിന് തിരിച്ചടിയായെന്നും ഈ സാഹചര്യത്തിൽ കർഷകരെ നിയന്ത്രിക്കാനുള്ള പുതിയ മാർഗത്തിന്റെ ഭാഗമാണ് എസ്.ബി.ഐയുമായുള്ള സഹകരണമെന്നും മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഫേസ്ബുക്കിൽ ആരോപിച്ചു.

എസ്.ബി.ഐയുടെ കാർഷിക ബിസിനസിന്റെ ഒരുഭാഗം അദാനിയുടേതുകൂടിയാണ് മാറുകയാണ് സഹകരണത്തിലൂടെ. അല്ലാതെ, അദാനിയിൽ നിന്ന് എസ്.ബി.ഐയ്ക്ക് ഒന്നും കിട്ടാനില്ല.

അദാനിക്കുവേണ്ടി പണിയെടുക്കണോയെന്ന് എസ്.ബി.ആയിലെ ജീവനക്കാർ ആലോചിക്കണം. സംയുക്ത കരാറിന്റെ തീരുമാനമെടുത്ത ബോർഡിൽ റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഉണ്ടായിരുന്നല്ലോ; അതുകൊണ്ട് ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു.

Advertisement
Advertisement