വർക്കിംഗ് പ്ലാന്റിലെ ചെളി; നാട്ടുകാർ റോഡ് ഉപരോധിച്ചു എം.എൽ.എ ഇടപെട്ടതോടെ പരിഹാരം

Wednesday 08 December 2021 12:04 AM IST
ദേശീയ പാത നിർമ്മാണത്തിനിടയിലെ ചെളി പൊടി പ്രശ്നം പരിഹരിക്കാൻ എം.എൽ.എ കെ.കെ രമ എത്തിയപ്പോൾ

വടകര: വടകര സഹകരണ ആശുപത്രിയുടെ സമീപമുള്ള വർക്കിംഗ് പ്ലാന്റിൽനിന്നുള്ള ചെളിമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി. മാസങ്ങളായി ആംബുലൻസ് ഡ്രൈവർമാർക്കും രോഗികൾക്കും ഒരുപോലെ തലവേദനയായിരുന്നു.പ്രശ്നപരിഹാരത്തിനായി നിരവധി തവണ ദേശീയപാത ജോലി ഏറ്റെടുത്ത കരാർ കമ്പിനിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.സഹികെട്ട് ആംബുലൻസ് ‌ഡ്രൈവർമാരും,​നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിക്കുകയായിരുന്നു.തുടർന്ന് എം.എൽ.എ വിഷയത്തിൽ ഇടപെട്ട് കമ്പിനി പ്രതിനിധികളോടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടും സംസാരിച്ചു. ഇവിടെ ചെളി നിറയുന്നതിനാൽ ദേശീയപാതയിൽ നിരന്തരം അപകടങ്ങളുണ്ടാവുകയായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നാലോളം ബൈക്കുകളാണ് തെന്നിവീണ് അപകടത്തിൽപെട്ടത്. വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ പൊടിപടലങ്ങൾ കാരണം ചെറു വാഹനങ്ങൾക്കും പരിസരവാസികൾക്കും, ദേശീയപാതയുടെ സമീപത്തെ കച്ചവടക്കാരും ദുരിതത്തിലായിരുന്നു.മാസങ്ങൾക്കു മുൻപ് എം.എൽ.എ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. അന്ന് കമ്പനി ദേശീയപാത ശുചീകരിച്ച് പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ ഇത് പാലിക്കപ്പെടാതെ വീണ്ടും തുടരുകയായിരുന്നു. അന്ന് വിഷയം ജില്ലാ വികസനസമിതിയിലും കളക്ടറെയും അറിയിച്ചിരുന്നു. എന്നാൽ കമ്പനിയും ദേശീയപാത അതോറിറ്റിയും വേണ്ട നടപടികൾ സ്വീകരിച്ചില്ല.എം.എൽ.എ യൊടൊപ്പം വടകര തഹസിൽദാറും,​വടകര പൊലീസും സ്ഥലത്തെത്തിയിരുന്നു.

വർക്കിംഗ് പ്ലാന്റിൽനിന്നുള്ള ചെളി ഇനിയും റോഡിലേക്ക് ഒഴുകുന്ന അവസ്ഥയുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് എം.എൽ.എ കമ്പനിയെ അറിയിച്ചു.

Advertisement
Advertisement