കേരളകൗമുദി നൈറ്റ് 2021 നെടുമുടി വേണു സ്‌മൃതി ഇന്ന്,​ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും

Wednesday 08 December 2021 12:22 AM IST

തിരുവനന്തപുരം: മലയാളികളുടെ മനസിൽ മായാത്ത ഓർമ്മയായ അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരം അ‍ർപ്പിച്ച്,​ കേരളകൗമുദിയുടെ 110ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കേരളകൗമുദി നൈറ്റ് 2021 - നെടുമുടി വേണു സ്‌മൃതി" ഇന്ന് വൈകിട്ട് 5.30ന് വിവിധ കലാപരിപാടികളോടെ അരങ്ങേറും. സഹകരണ,​ രജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ഡയറക്ടർ ഷൈലജ രവി അദ്ധ്യക്ഷയാകും. വിശിഷ്ട വ്യക്തികൾ ചേർന്ന് തിരിതെളിക്കും. ബ്രോഡ്കാസ്‌റ്റിംഗ് ഡിവിഷൻ ഹെഡ് എ.സി.റെജി ആമുഖ പ്രസംഗം നടത്തും. എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. ഭക്ഷ്യ, സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിൽ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ ആശംസകൾ നേരും. കാവാലം ശ്രീകുമാർ,​ ജലജ,​ ജി. സുരേഷ് കുമാർ,​ മേനക സുരേഷ്,​ മധുപാൽ തുടങ്ങിയവർ നെടുമുടി വേണുവിനെ അനുസ്‌മരിക്കും. നെടുമുടിയുടെ ഭാര്യ സുശീല വേണു,​ ഇളയ മകൻ കണ്ണൻ വേണു എന്നിവരും സന്നിഹിതരാവും. സ്‌പോൺസർമാർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകും. കേരളകൗമുദി തിരുവനന്തപുരം,​ ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതവും മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർകുമാർ നന്ദിയും പറയും.

ചലച്ചിത്ര പിന്നണി ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീതനിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സോപാനം ടീം നയിക്കുന്ന നാടൻപാട്ടുകളോടെയാണ് കലാസന്ധ്യയ്‌ക്ക് കേളികൊട്ടുയരുക. നടിയും അവതാരകയുമായ ആര്യയുടെയും സംഘത്തിന്റെയും ചടുല നൃത്തച്ചുവടുകൾ വേദിയെ ത്രസിപ്പിക്കും. ഇവർക്കൊപ്പം യുവഗായകരായ അനാമിക,​ സൗമ്യ,​ സഞ്ജു,​ ഷിയ എന്നിവരും ചേരുമ്പോൾ സംഗീത - വാദ്യമേളത്തിന്റെ തേന്മഴ പെയ്തിറങ്ങും. കാണികളെ സ്‌തബ്‌ധരാക്കുന്ന തരത്തിൽ ശബ്ദം കൊണ്ട് വിസ്‌മയം സ‌ൃഷ്ടിക്കുകയും ഇന്ത്യയിലെ പ്രശസ്ത ഗായകരുടെ ശബ്ദം അനുകരിച്ച് ആസ്വാദകമനസിൽ ഇടം നേടുകയും ചെയ്ത അരുൺ ഗിന്നസിന്റെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടും. സഫയർ ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യസ്‌പോൺസർമാർ. രാജധാനി ഗ്രൂപ്പ്,​ നിംസ് എഡ്യുക്കേഷൻ ട്രസ്‌റ്റ്,​ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ്,​ ഭീമ ജുവലറി,​ എസ്.കെ ഹോസ്‌പിറ്റൽ,​ പങ്കജകസ്തൂരി ഓർത്തോഹെർബ് ക്രീം,​ ഇന്ത്യൻ ഓയിൽ എന്നിവരാണ് മറ്റ് സ്‌പോൺസർമാർ. കേരളകൗമുദിയുടെ ഫേസ്ബുക്ക് പേജുകളായ www.facebook.com/keralakaumudi, www.facebook.com/kaumudylive, www.facebook.com/kaumudynite എന്നിവയിൽ പരിപാടി തത്സമയം കാണാം. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ.

Advertisement
Advertisement