കുരുക്കിൽ കുടുങ്ങി..; നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Wednesday 08 December 2021 12:51 AM IST
സു​ൽ​ത്താ​ൻ​പേ​ട്ട​ ​ജം​ഗ്ഷ​നിലെ ഗതാഗതക്കുരുക്ക്.

  • കാൽനടയാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ജനജീവിതം സാധാരണ രീതിയിലോട്ട് വന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെ പതിനൊന്ന് മണിക്ക് ശേഷവും വൈകീട്ട് ആറിന് ശേഷവും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാൽനടയാത്രികരെയാണ് കുരുക്ക് ഏറെ വലയ്ക്കുന്നത്. പ്രായമായവർ ഉൾപ്പെടെ കുരുക്കിനിടെ റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലരും ട്രാഫിക് പൊലീസിന്റെ സഹായവും തേടാറുണ്ട്. സുൽത്താൻപേട്ട ജംഗ്ഷൻ, ജില്ലാ ആശുപത്രി റോഡ്, ഐ.എം.എ ജംഗ്ഷൻ, കോർട്ട് റോഡ്, ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, റോബിൻസൺ റോഡ് എന്നിവിടങ്ങളിലെല്ലാം കുരുക്ക് രൂക്ഷമാണ്. പ്രധാന ജംഗ്ഷനുകളിലെല്ലാം തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് കുറവൊന്നുമില്ല.

അനധികൃത പാർക്കിംഗും കുരുക്ക് കൂട്ടുന്നു

നഗരത്തിലെ റോഡോരങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കുരുക്ക് കൂട്ടാൻ ഇടയാക്കുന്നു. റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി നിറുത്തി ഉടമകൾ പോകുന്നതിനാൽ മറ്റു വാഹനയാത്രക്കാരും ദുരിതത്തിലാകുന്നു. ടൗണിൽ വിവിധ ആവശ്യങ്ങൾക്കും ജില്ലാ ആശുപത്രിയിലേക്കും വാഹനത്തിൽ എത്തുന്നവർക്ക് കോട്ടമൈതാനത്ത് പാർക്കിംഗ് സൗകര്യമുണ്ടായിരുന്നു. നവീകരണത്തിന് കോട്ടമൈതാനം അടച്ചിട്ടതോടെ പാർക്കിംഗ് ജില്ലാ ആശുപത്രി റോഡിലും നഗരസഭാ കെട്ടിടത്തിന്റെ മുൻവശത്തുമായി. ഇത് ഇതുവഴിയുള്ള യാത്രയ്ക്കും ഗതാഗതക്കുരുക്കിനും കാരണമായി. നഗരത്തിൽ പേ ആൻഡ് പാർക്കിംഗ് ഉണ്ടായിരുന്നെങ്കിൽ നിലവിലെ കുരുക്കിന് അല്പം ആശ്വാസമാകുമായിരുന്നു. നേരത്തെ നഗരത്തിൽ വിവിധയിടങ്ങളിൽ സ്വകാര്യ പാർക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് പലതും നിറുത്താലാക്കി. ഇത്തരം പാർക്കിംഗ് സ്ഥലങ്ങൾ തുറക്കാത്തതാണ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇടയാക്കുന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ പോലെ തന്നെ വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. കടകൾക്കു മുന്നിൽ കുരുക്ക് ഉണ്ടാകുന്നതിനാൽ ഉപഭോക്താക്കൾക്ക് റോഡ് മുറിച്ചു കടന്ന് കടയിലേക്ക് എത്താൻ ഏറെ പ്രയാസമാണ്. അനധികൃത പാർക്കിംഗിനെതിരെ പരിശോധനയും പിഴയീടാക്കലും പൊലീസ് കുറച്ചതോടെ റോഡിന് ഇരുവശത്തും വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും വാഹനപാർക്കിംഗ് കേന്ദ്രമായിട്ടുണ്ട്.

- വ്യാപാരികൾ.

Advertisement
Advertisement