മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഒൻപത് ഷട്ടറുകൾ തുറന്നു, തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് മന്ത്രി കെ രാജൻ

Wednesday 08 December 2021 7:54 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സ്പിൽവേയിലെ ഒൻപത് ഷട്ടറുകൾ ഉയർത്തി. തുറന്നുവിടുന്ന ജലത്തിന്റെ അളവും കൂട്ടി. സെക്കൻഡിൽ 7140 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ വിമർശിച്ചു. തമിഴ്‌നാടിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

' ആർക്കും ഭക്ഷണമോ അഭയമോ ഇല്ലാത്ത അവസ്ഥയുണ്ടാകില്ല. ആവശ്യമായ ഷെൽറ്ററുകൾ ഒരുക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് ഏത് രാത്രിയിലാണെങ്കിലും തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ലഭിച്ചയുടൻ അത് ജനങ്ങൾക്ക് നൽകുന്നുണ്ട്.'- മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.