ഒമിക്രോണിൽ ആശങ്ക വേണ്ട, സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യതയും വെന്റിലേറ്റർ സൗകര്യങ്ങളും വർദ്ധിപ്പിച്ചുവെന്ന് മന്ത്രി

Wednesday 08 December 2021 6:18 PM IST

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യതയും ഐസിയു വെന്റിലേറ്റർ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രതിദിനം 354.43 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ പ്രതിദിനം 65 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് ആവശ്യമായി വരുന്നത്. സംസ്ഥാനം ഓക്‌സിജനിൽ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. മാത്രമല്ല അധികമായി കരുതൽ ശേഖരവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്‌സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മുമ്പ് 4 ഓക്‌സിജൻ ജനറേറ്ററുകൾ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 38 ഓക്‌സിജൻ ജനറേറ്ററുകൾ അധികമായി സ്ഥാപിച്ചു. ഇതിലൂടെ പ്രിദിനം 89.93 മെട്രിക് ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇതുകൂടാതെ 18 ഓക്‌സിജൻ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിലൂടെ 29.63 മെട്രിക് ടൺ ഓക്‌സിജൻ അധികമായി ഉത്പാദിപ്പിക്കാൻ കഴിയും.

14 എയർ സെപ്പറേഷൻ യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടൺ ഓക്‌സിജനാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1802.72 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ സംഭരണ ശേഷിയുണ്ട്. 174.72 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. അതിൽ 267 ഐസിയു കിടക്കകളിലും 77 വെന്റിലേറ്ററുകളിലും മാത്രമാണ് കൊവിഡ് രോഗികളുള്ളത്. 983 ഐസിയു കിടക്കകളിലും 219 വെന്റിലേറ്ററുകളിലും നോൺ കൊവിഡ് രോഗികളുമുണ്ട്. ഐ.സി.യു. കിടക്കകളുടെ 40.2 ശതമാനവും വെന്റിലേറ്ററുകളിലെ 12.9 ശതമാനം മാത്രവുമാണ് ആകെ രോഗികളുള്ളത്. ഇതുകൂടാതെ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുമുണ്ട്. സർക്കാർ മേഖലയിൽ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെ കുറവുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement