വീണ്ടും വില്ലനായി പരിക്ക്, മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിന് ഒപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് ഇനിയും നീളും
മെൽബൺ: അടുത്ത വർഷം നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും മുൻ ചാമ്പ്യൻ സെറീന വില്ല്യംസ് പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ മുനിർത്തിയാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് അമേരിക്കൻ ടെന്നിസ് താരം വ്യക്തമാക്കി. ഈ വർഷം നടന്ന വിമ്പിൾഡണിലാണ് താരം അവസാനമായി പങ്കെടുത്തത്. അതിന് ശേഷം നടന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കാൻ സെറീനയ്ക്ക് സാധിച്ചിരുന്നില്ല.
പരിക്കിനെതുടർന്നാണ് സെറീനയ്ക്ക് ഈ സീസൺ നഷ്ടമായത്. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് സെറീന മോചിതയായെങ്കിലും മത്സരരംഗത്തേക്ക് മടങ്ങിവരാറായിട്ടില്ല. അതേസമയം പരിക്കിൽ നിന്ന് മുക്തയായ സെറീന പരിശീലനം ആരംഭിച്ചുവെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് മെൽബണെന്നും അവിടെ കളിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും സെറീന പറഞ്ഞു. ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനാൽ ഇത്തവണ മെൽബണിൽ എത്താൻ സാധിക്കാത്തതിൽ അതീവ വിഷമമുണ്ടെന്നും സെറീന പറഞ്ഞു.
ലോക റാങ്കിംഗിൽ 41ാം സ്ഥാനത്തുള്ള സെറീന ഈ വർഷം നടന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ കലാശ പോരാട്ടത്തിൽ നവോമി ഒസാക്കയോട് പരാജയപ്പെട്ട താരത്തിന് അതിന് ശേഷം കാര്യമായ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടംനേടിയ വനിതാതാരം എന്ന ലോക റെക്കാഡ് നിലവിൽ മാർഗരറ്റ് കോർട്ടിന്റെ പേരിലാണ്. 24 കിരീടങ്ങൾ നേടിയിട്ടുള്ള കോർട്ടിനൊപ്പമെത്താൻ സെറീനയ്ക്ക് ഇനിയും ഒരു കിരീടം കൂടി സ്വന്തമാക്കണം. എന്നാൽ അതിന് വേണ്ടിയുള്ള സെറീനയുടെ കാത്തിരിപ്പ് നീണ്ട്പോകുകയാണ്.