കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസുകാർക്കേ കഴിയൂ : ടി.പത്മനാഭൻ

Thursday 09 December 2021 2:23 AM IST

തിരുവനന്തപുരം: കോൺഗ്രസിനെ ഇല്ലാതാക്കാൻ കഴിയുന്നത് കോൺഗ്രസുകാർക്ക് തന്നെയാണെന്നും,

അവരിൽ പലരും അതിപ്പോൾ നിർവഹിക്കുന്നുണ്ടെന്നും പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു.

യു.ഡി.എഫ്. കൺവീനർ എം.എം.ഹസന്റെ ആത്മകഥയായ "ഒാർമ്മചെപ്പ് "ന്റെ ആദ്യ കോപ്പി മസ്ക്കറ്റ് ഹോട്ടലിൽ നടന്ന പ്രകാശനച്ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മുക്ത ഭാരതം,ഗാന്ധി മുക്ത ഭാരതമെന്നെല്ലാം ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കേൾക്കുന്നു.എന്നാൽ കോൺഗ്രസ് മരിക്കില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഇൗ സദസ്സിലെ ഏറ്റവും പഴയ കോൺഗ്രസുകാരൻ ഞാനാണ്. വെറുതെ കരയ്ക്കിരുന്ന് കളി കാണുന്നവനായിരുന്നില്ല.ഇറങ്ങി കളിച്ചവനായിരുന്നു.രാഷ്ട്രീയത്തിൽ അരുതായ്കകൾ ചെയ്യാത്തവർക്ക് പിടിച്ചു നിൽക്കാനാവില്ല. അതിനെ സ്നേഹം കൊണ്ട് മറികടക്കുന്നയാളാണ് എം.എം.ഹസൻ . എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കയറി വന്ന കേരളത്തിലെ കഥാകാരന്റെ വീട് എന്റേതാണ്- ടി.പത്മനാഭൻ പറഞ്ഞു.

വർഗ്ഗീയതയുടെ അതിപ്രസരം ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ ഹസനെപ്പോലുള്ള നേതാക്കളെയാണ് നാടിന് വേണ്ടതെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുസ്തകം പ്രകാശനം ചെയ്തു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

വി.എം.സുധീരൻ,കാനം രാജേന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ജോർജ് ഒാണക്കൂർ, പാലോട് രവി തുടങ്ങിയവർ സംസാരിച്ചു. എം.ആർ. തമ്പാൻ പുസ്തകം പരിചയപ്പെടുത്തി. ഹസന്റെ പത്നി എ.കെ.റഹിയ, മകൾ നിഷ ഹസൻ,മരുമകൻ ഷഹീർ ബഷീർ തുടങ്ങിയവർ പങ്കെടുത്തു. എ.കെ.ആന്റണി, വയലാർ രവി,പി.സി.ചാക്കോ, മോഹൻലാൽ, ശശിതരൂർ എം.പി തുടങ്ങിയവർ വീഡിയോയിലൂടെ ആശംസ നേർന്നു.

Advertisement
Advertisement