പശ്ചിമഘട്ട മലനിരകളിൽ രണ്ട് പുതിയ സസ്യങ്ങൾ

Thursday 09 December 2021 12:00 AM IST

ചരിത്രനേട്ടം മാല്യങ്കര എസ്.എൻ.എം കോളേജ് ബോട്ടണി വിഭാഗത്തിന്റെ പര്യവേഷണത്തിൽ

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ ബോട്ടണി വിഭാഗം പശ്ചിമഘട്ട മലനിരകളിൽ നടത്തിയ പര്യവേഷണത്തിൽ രണ്ട് പുതിയ സസ്യങ്ങളെ കണ്ടെത്തി. ന്യൂസിലാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേർണലിൽ ഇവയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാല്യങ്കര കോളേജിലെ റിട്ട. അദ്ധ്യാപകനും എം.ജി. യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും സസ്യഗവേഷകനുമായ ഡോ. സി.എൻ. സുനിലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരാണ് പുതിയ സസ്യത്തിന്റെ സ്‌പീഷീസ് നാമമായി നൽകിയിട്ടുള്ളത്.

ഫിംബ്രിസ്റ്റൈലിസ് എന്ന ജനുസിൽപ്പെട്ട പുതിയസസ്യം ഫിംബ്രിസ്റ്റൈലിസ് സുനിലി എന്ന് അറിയപ്പെടും. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, അഗസ്ത്യാർകൂടം വനമേഖലകളിൽ നിന്ന് കണ്ടെത്തിയ ഈ സസ്യത്തെക്കുറിച്ചുള്ള പ്രബന്ധം തയ്യാറാക്കിയത് മാല്യങ്കര കോളേജിലെ സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകരായ ഡോ. എം.ജി. സനിൽകുമാർ, ഡോ. ഇ.സി. ബൈജു, ഗവേഷണ വിദ്യാർത്ഥികളായ നിത്യ, ദിവ്യ എന്നിവരാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തിലുള്ള പുൽമേടുകളിലാണ് വളരെക്കുറച്ച് എണ്ണം മാത്രമുള്ള ഇവയെ കണ്ടെത്തിയത്.

രണ്ടാമത്തെ സസ്യം വയനാട്ടിലെ ചെമ്പ്ര മലനിരകളിലെ പുൽമേടുകളിൽ നിന്നും കണ്ടെത്തിയതാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ തെച്ചി വിഭാഗത്തിൽപ്പെടുന്ന നിയോനോട്ടിസ് ജനുസിന്റെ സ്‌പീഷീസ് നാമം മറ്റൊരു സസ്യഗവേഷകനും ലഖ്നൗ കേന്ദ്ര സസ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ‌ഡോ. കെ.എം. പ്രഭുകുമാറിനോടുള്ള ആദര സൂചകമായി നിയോനോട്ടിസ് പ്രഭു എന്നാണ് അറിയപ്പെടുക. തെച്ചി പൂങ്കുലകളോട് സാദൃശ്യമുള്ള വെളുത്ത പുഷ്പങ്ങളുടെ പൂക്കുലയാണ് ഇതിന്റെ പ്രത്യേകത. ‌ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് പ്രസിദ്ധീരിച്ചിട്ടുള്ളത്. ബോട്ടണി വിഭാഗത്തിലെ ഡോ. എം.ജി. സനിൽകുമാർ, നിത്യ, വയനാട്ടിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ മേധാവി ഡോ. അനിൽകുമാർ, സലിം പിച്ചൻ, പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകൻ ഡോ. രതീഷ് നാരായണൻ എന്നിവരാണ് ഗവേഷണ സംഘാംഗങ്ങൾ.

ഡോ. സുനിലിന്റെ പേരിൽ 4 സസ്യങ്ങൾ

ഏകദേശം 46ൽപരം പുതിയ സസ്യങ്ങളെ ഡോ. സുനിലും സഹഗവേഷകരും ചേർന്ന് പശ്ചിമഘട്ടമുൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2019ലെ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ പുരസ്കാരവും ഡോ. സുനിലിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ യൂട്രിക്കുലേറിയ സുനിലി എന്ന ഒരു സസ്യം നിലവിലുണ്ട്. ഇടുക്കിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സുനിലി എന്ന പേരിൽ സമാനമായ മറ്റു രണ്ട് സസ്യങ്ങളെകുറിച്ചുള്ള പ്രബന്ധങ്ങളും ഇപ്പോൾ വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നുണ്ട്. ഇതോടെ ഡോ. സുനിലിന്റെ പേരിൽ നാല് സസ്യങ്ങളാകും.

Advertisement
Advertisement