പ്ലസ് വൺ, പ്ലസ് ടു ഫോക്കസ് ഏരിയ ഇല്ല പഠനം കഠിനം

Thursday 09 December 2021 12:18 AM IST

കൊച്ചി: അഞ്ചുമാസം വൈകിയാരംഭിച്ച പ്ലസ് ടു, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള ഫോക്കസ് ഏരിയ ഇതുവരെയും നിശ്ചയിച്ചു നൽകാത്തത് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും വലയ്ക്കുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഫോക്കസ് ഏരിയ തിരിച്ച് പഠിക്കേണ്ട പാഠഭാഗങ്ങൾ മാത്രം നിർണയിച്ച് നൽകിയത്. ഇക്കുറിയും സമാനമായ സാഹചര്യമുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
മുഴുവൻ പാഠഭാഗങ്ങളും പഠിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. മാർച്ചിൽ വാർഷികാവസാന പരീക്ഷകൾ നടത്താനിരിക്കെ പാഠങ്ങൾ കാര്യമായി പഠിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ബാക്കിയുള്ളത് 50 - 60 അദ്ധ്യയന ദിനങ്ങളാണ്. ഇക്കാലയളവിൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് പൂർത്തിയാക്കാനാവുമോയെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
നവംബറിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പഠനം പൂർവ്വസ്ഥിതിയിലായിട്ടില്ല. സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചതോടെ ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കുന്നതിന് വിദ്യാർത്ഥികൾക്ക് മതിയായ സമയം ലഭ്യമാകുന്നില്ലെന്നും കുട്ടികൾ പറയുന്നു. പകുതി വിദ്യാർത്ഥികൾക്കാണ് ക്ലാസ് നടക്കുക. കഴിഞ്ഞ വർഷം എസ്.സി.ആർ.ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഫോക്കസ് ഏരിയ തയ്യാറാക്കി നൽകിയത്. ഇക്കുറി ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എസ്.സി.ആർ.ടി അധികൃതർ അറിയിച്ചു.

പ്ലസ് വൺ പ്രവേശനത്തിലും പ്രതിസന്ധി

മതിയായ സീറ്റുകൾ ഇല്ലാത്തയിടങ്ങളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും ഇംപ്രൂവ്‌മെന്റ് പരീക്ഷയിലും ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ആയിരക്കണക്കിന് കുട്ടികൾ ഹയർ സെക്കൻഡറി പ്രവേശനം ലഭിക്കാതെ കാത്തിരിക്കുമ്പോൾ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ഒന്നര മാസത്തോളമായിട്ടും അധിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബാച്ചുകൾ വൈകിയതോടെ മിക്ക കുട്ടികളും ഓപ്പൺ സ്‌കൂൾ സംവിധാനം വഴി പ്രൈവറ്റായി പ്ലസ് വണ്ണിനു ചേർന്നു. ഓപ്പൺ സ്‌കൂൾ റജിസ്‌ട്രേഷന്റെ അവസാന ദിനം ഈമാസം 15 ആണെന്നിരിക്കെ കൂടുതൽ പേർ ഓപ്പൺ സ്‌കൂളിൽ ചേരും. അതോടെ പുതിയ ബാച്ചുകൾ പ്രയോജനമില്ലാതെ പോകുന്ന സാഹചര്യം ഉണ്ടാവും. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റങ്ങളും ബാച്ചുകൾ വൈകുന്ന കാരണം തടസപ്പെട്ടിരിക്കുകയാണ്.

വകുപ്പിന്റെ മെല്ലെപ്പോക്കും ജാഗ്രതക്കുറവും പ്രതിഷേധകരമാണ്. ഏറെ പ്രാധാന്യമുള്ള പ്ലസ് വൺ പ്രവേശനം, ഇംപ്രൂവ്‌മെന്റ് പരീക്ഷ, ഹയർ സെക്കൻഡറി അദ്ധ്യയന മാർഗരേഖ (ഫോക്കസ് പോയിന്റ് ), സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിൽ അടിയന്തരമായി തീരുമാനിക്കണം.

അനിൽ എം. ജോർജ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ

Advertisement
Advertisement