അബാൻ മേൽപ്പാലം നിർമ്മാണോദ്ഘാടനം 13ന്

Thursday 09 December 2021 12:43 AM IST

പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം 13ന് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ജില്ലയിലെ ആദ്യത്തെ മേൽപ്പാലമാണ് ജില്ലാ ആസ്ഥാനത്ത് നിർമ്മിക്കാൻ പോകുന്നത്. അന്തിമ ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ ഉൾപ്പടെയുളള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു കൊണ്ടാണ് മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. കിഫ് ബിയിലൂടെ 46.80 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മേൽപ്പാലത്തിന്റെ ആകെ നീളം 611 മീറ്ററാണ്. ഇതു കൂടാതെ ഇരു വശങ്ങളിലുമായി 90 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡുകളുമുണ്ട്. മേൽപ്പാലം 12 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. പാലത്തിന് ഇരു വശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും വിഭാവനം ചെയ്തിട്ടുണ്ട്. ആകെ 20 സ്പാനുകളാണ് പാലത്തിനുള്ളത്. 30 മീ.നീളം വരുന്ന 19 സ്പാനുകളും 36 മീ.നീളം വരുന്ന ഒരു സ്പാനുമാണുള്ളത്.നിർമ്മാണ പ്രവർത്തികൾക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.

അബാൻ മേൽപ്പാലം ഇങ്ങനെ

കിഫ് ബി പദ്ധതി

ചെലവിടുന്നത് : 46.80 കോടി രൂപ

നീളം : 611 മീറ്റർ

വീതി : 12 മീറ്റർ

മേൽപ്പാലം വരുന്നത്

പത്തനംതിട്ട റിംഗ് റോഡിൽ ടി.കെ റോഡിന് കുറുകെയാണ് ഫ്‌ളൈ ഓവർ വരുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സമീപത്ത് നിന്ന് ആരംഭിച്ച് മുത്തൂറ്റ് ആശുപത്രിയ്ക്ക് മുൻപായി അവസാനിക്കുന്ന വിധത്തിലാണ് പാലം നിർമ്മിക്കുന്നത്.

പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കും, ശബരിമല തീർത്ഥാടന കാലത്ത് ഉള്ള യാത്ര ക്ലേശങ്ങൾ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾക്കും അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണത്തോടു കൂടി പരിഹാരമാകും. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മന്ത്രി വീണാ ജോർജ്

Advertisement
Advertisement