ജില്ലയിലെ രാസവള ക്ഷാമത്തിന് പരിഹാരമായില്ല: പൊടിക്ക് പോലും പൊട്ടാഷില്ല

Thursday 09 December 2021 12:03 AM IST

മലപ്പുറം: ജില്ലയിൽ രണ്ട് മാസത്തോളമായി തുടരുന്ന രാസവളങ്ങളുടെ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. കർഷകരെല്ലാം രണ്ടാംവിള ആരംഭിച്ചിട്ടും ആവശ്യത്തിനുള്ള രാസവളങ്ങൾ ജില്ലയിൽ ഇനിയും എത്തിക്കാനാവാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഒന്നാംവിള ആരംഭിച്ച സമയം തൊട്ടേ രാസവളങ്ങൾക്ക് ക്ഷാമമുണ്ടെങ്കിലും രണ്ടാംവിളയുടെ സമയാവുമ്പോഴേക്കും ആവശ്യത്തിനുള്ള വളം ജില്ലയിൽ എത്തുമെന്നായിരുന്നു കർഷകരുടെയും കൃഷി വകുപ്പ് അധികൃതരുടെയും പ്രതീക്ഷ.

കൃഷിക്കാവശ്യമായ പ്രധാന രാസവളങ്ങളായ യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് എന്നിവയ്ക്കാണ് ക്ഷാമമുണ്ടായിരുന്നത്. ഇതിൽ യൂറിയ ആവശ്യത്തിന് ജില്ലയിൽ എത്തിയിട്ടുണ്ട്. പ്രധാന വളമായ പൊട്ടാഷാണ് പൊടിക്ക് പോലും കിട്ടാനില്ലാത്തത്. ജില്ലയിൽ റീട്ടെയിൽ വിൽപ്പനക്കാരുടെ കൈയിൽ ആകെയുള്ളത് 80 ടൺ പൊട്ടാഷാണ്. ഒരു ഏക്കർ നെൽകൃഷിക്ക് 40 കിലോഗ്രാമെങ്കിലും വേണമെന്നതിനാൽ നിലവിലുള്ളത് ജില്ലയിലേക്ക് അപര്യാപ്തമാണ്. രണ്ടാം വിള ജില്ലയിൽ ആരംഭിച്ചെങ്കിലും കൃഷി ആരംഭിക്കുന്ന സമയത്ത് യൂറിയ മാത്രമാണ് കർഷകർ പ്രധാനമായും ഉപയോഗിക്കാറുള്ളത്. നെൽ കൃഷി ആരംഭിച്ച് കതിര് വരാനാവുന്ന സമയത്തേക്കാണ് പൊട്ടാഷ് വലിയതോതിൽ ആവശ്യം വരിക. വാഴ കർഷകർക്കാണെങ്കിൽ കുല വരാറാവുന്ന സമയത്തേക്കാണ് പൊട്ടാഷ് കൂടുതലായും ആവശ്യം വരിക. ഈ സമയത്തിനിടയ്ക്ക് കൂടുതൽ പൊട്ടാഷ് ജില്ലയിലേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രണ്ടാഴ്ചയ്ക്കക്കം 150 ടണ്ണെങ്കിലും ജില്ലയിൽ എത്തിയേക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. 750 ടൺ ഫാക്ടംഫോസാണ് ജില്ലയിലെ റീട്ടെയിൽ വിൽപ്പനക്കാരുടെ പക്കലുള്ളത്. ജില്ലയിൽ ഒരുമാസത്തേക്ക് 500 മുതൽ 750 ടൺ വരെ ഫാക്ടംഫോസ്വേണം. ഈ മാസം തത്കാലം ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.

വിലയും കുറഞ്ഞില്ല

അന്താരാഷ്ട്ര മാർക്കറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടെ അസംസ്കൃത വസ്തുക്കൾക്ക് ക്രമാതീതമായി വില വർദ്ധിച്ചതാണ് രാസവളങ്ങൾക്ക് വില കൂടാനും ആവശ്യത്തിനുള്ള രാസവളങ്ങൾ ലഭിക്കാത്തതിനും കാരണമായത്. 850 രൂപയ്ക്ക് ലഭിച്ചിരുന്ന 50 കിലോഗ്രാമിന്റെ പൊട്ടാഷിനിപ്പോൾ 1,​040 രൂപയാണ് വില. ഫാക്ടം ഫോസിന് 1,190ൽ നിന്ന് 1,​390 രൂപയാവുകയും ചെയ്തു.

ജില്ലയിൽ നിലവിലുള്ളത്

പൊട്ടാഷ് - 80 ടൺ

യൂറിയ - 400 ടൺ

ഫാക്ടം ഫോക്സ് - 750 ടൺ

യൂറിയ ആവശ്യത്തിനുള്ളത് ജില്ലയിലെത്തിയിട്ടുണ്ട്. പൊട്ടാഷാണ് തീരെയില്ലാത്തത്. രണ്ടാഴ്ച്ചയ്ക്കകം 150 ടൺ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൃഷി വകുപ്പ് അധികൃതർ

Advertisement
Advertisement