ദിവസങ്ങളായി കണ്ണടയ്ക്കാനായില്ല, ഭീതിയോടെ പെരിയാർ തീരം

Thursday 09 December 2021 12:33 AM IST
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വീടുകളിൽ കയറിയതിനെ തുടർന്ന് സമീപത്തെ പാറപ്പുറത്ത് അഭയം തേടിയ കുടുംബം

ഇടുക്കി: 'ഇന്ന് രാവിലെ ജോലിക്കായി കുമളിയിലേക്ക് പോയതായിരുന്നു. പാതിവഴി എത്തിയപ്പോൾ മകളുടെ വിളി വന്നു. വീട്ടുപടിക്കൽ വരെ വെള്ളമെത്തിയെന്ന്. ഉടൻ വീട്ടിലേക്ക് മടങ്ങി. രാത്രിയാണെങ്കിൽ ഒരു പോള കണ്ണടയ്ക്കാനാവില്ല. വെള്ളം കയറിയാൽ ഈ പാറപ്പുറത്താണ് കഴിച്ചുകൂട്ടുന്നത് ". വണ്ടിപ്പെരിയാർ കടച്ചിക്കാട് ആറ്റോരം സ്വദേശി കൊച്ചുരാജന്റെ (46) വാക്കുകളാണിത്. രണ്ടാഴ്ചയായി മുല്ലപ്പെരിയാറിന് കീഴിലുള്ള പെരിയാർ തീരദേശവാസികളുടെ അവസ്ഥ ഇതാണ്. രാത്രി വീട്ടിൽ സ്വസ്ഥമായി ഉറങ്ങാനാവില്ല. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടുവെന്ന അനൗൺസ്‌മെന്റോ ഫോൺ വിളിയോ സദാസമയവും പ്രതീക്ഷിക്കണം.

കുതിച്ചെത്തുന്ന വെള്ളം തങ്ങളെ വിഴുങ്ങുമോയെന്ന് ഭയന്ന് കൈക്കുഞ്ഞുങ്ങളുമായി രാത്രി പാറപ്പുറത്തും തേയിലത്തോട്ടത്തിലും മഞ്ഞും മഴയും സഹിച്ച് കഴിച്ചുകൂട്ടേണ്ട അവസ്ഥ. കൂട്ടത്തിൽ കിടപ്പ് രോഗികളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമുണ്ട്.

മേഖലയിലെ 100 ഏക്കറിലധികം കൃഷി പൂർണ്ണമായി നശിച്ചു. കൂലിപ്പണിയെടുത്ത് നിർമ്മിച്ച കിടപ്പാടം നിറയെ ചെളിയും മണ്ണുമായിരിക്കും. വൃത്തിയാക്കിയ വീട്ടിൽ വീണ്ടും വെള്ളം കയറുമ്പോഴാണ് തകർന്നുപോവുക. ഇരുന്നൂറോളം കുടുംബങ്ങൾ ഡാം തുറന്നതിന് ശേഷം ബന്ധുവീടുകളിലേക്ക് മാറി. ബാക്കി 100 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. സംസ്ഥാന സർക്കാർ കൈമലർത്തുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ മഴയും മഞ്ഞും കൊണ്ട് പാറപ്പുറത്ത് കഴിയുകയാണ് ഈ പാവങ്ങൾ.

ഇന്നലെയും പുലർച്ചെ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകൾ കൂട്ടത്തോടെ ഇന്നലെ പുലർച്ചെ വീണ്ടും തുറന്നു. രാവിലെ 6.30ന് 7,141 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തിയത്. ഷട്ടറുകൾ അടച്ചെങ്കിലും മഴ തുടുരുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കുറവില്ല. രാത്രിയിൽ വീണ്ടും തുറക്കാൻ സാദ്ധ്യതയുണ്ട്.

Advertisement
Advertisement