തദ്ദേശ ഉപ തിരഞ്ഞെടുപ്പ്‌: എൽ.ഡി.എഫിന്‌ 32ൽ 16 സീറ്റ്

Thursday 09 December 2021 12:00 AM IST

യു.ഡി.എഫ് -11, ബി.ജെ.പി -1, സ്വതന്ത്രർ-4

എൽ.ഡി.എഫ് 3 സീറ്റ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് 16 വാർഡുകളിൽ വിജയിച്ചു. മൂന്ന് വാർഡുകൾ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. യു.ഡി.എഫ് 11 സീറ്റിലും, ബി.ജെ.പി ഒരു സീറ്റിലും സ്വതന്ത്രർ നാല് സീറ്റിലും വിജയിച്ചു.

തിരുവനന്തപുരം, പാലക്കാട്,​ കോട്ടയം ജില്ലകളിൽ കോൺഗ്രസിന് കൈയിലുണ്ടായിരുന്ന സീറ്റുകൾ നഷ്ടമായി.

തൃശൂരിലെ കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ്, മലപ്പുറത്തെ പൂക്കോട്ടൂർ പഞ്ചായത്ത് വാർഡ് എന്നിവ സി.പി.എമ്മിൽ നിന്ന് മുസ്ലിം ലീഗ് പിടിച്ചു. ബി.ജെ.പിക്ക് കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാർഡിൽ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഈ സീറ്റ് ആർ.എസ്.പി പിടിച്ചെടുത്തു. ഇടുക്കിയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബി.ജെ.പി പിടിച്ചെടുത്തത്.

ജില്ലാ പഞ്ചായത്ത്

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തു ഡിവിഷനുകൾ സി.പി.എം നിലനിറുത്തി. ആലപ്പുഴ അരൂർ ഡിവിഷനിൽ അനന്തു രമേശനും പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനിൽ കെ. ശ്രീധരനും കോഴിക്കോട് നന്മണ്ട ജില്ലാ ഡിവിഷനിൽ റസിയ തോട്ടായിയും വിജയിച്ചു.

കോർപ്പറേഷൻ

തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ രണ്ട് വാർഡുകളും എൽ.ഡി.എഫ് നിലനിറുത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയൊയും കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗറിൽ സി.പി.എമ്മിലെ ബിന്ദു ശിവനും വിജയിച്ചു.

ബ്ലോക്ക് പഞ്ചായത്ത്

നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും സി.പി.എം നിലനിറുത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് ഡിവിഷനിൽ ആർ.പി. നന്ദുരാജ്, പോത്തൻകോട് ഡിവിഷനിൽ മലയിൽകോണം സുനി, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ നൗഷാദ് കറുകപ്പാടത്ത്, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനിൽ ഇ. സോമദാസ് എന്നിവരാണ്‌ വിജയിച്ചത്‌.

മുനിസിപ്പാലിറ്റി

മൂന്ന് മുനിസിപ്പാലിറ്റികളിലെ രണ്ട് സീറ്റുകൾ യു.ഡി.എഫ് നിലനിറുത്തി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചാലാംപാട് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിനി ജോസും
കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് വാർഡിൽ കോൺഗ്രസിലെ കെ.കെ. ബാബുവും വിജയിച്ചു.
പിറവം നഗരസഭ ഇടപ്പിള്ളിച്ചിറ വാർഡിൽ സി.പി.എമ്മിലെ ഡോ. അജേഷ് മനോഹർ വിജയിച്ചു.

ഗ്രാമ പഞ്ചായത്ത്

20 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സി.പി.എം -4 , സി.പി.ഐ -1 , കോൺഗ്രസ് -5 ,മുസ്ലിം ലീഗ് 4 ,

ആർ.എസ്.പി- 1 , ബി.ജെ.പി -1 , സ്വതന്ത്രന്മാർ 4 എന്നിങ്ങനെയാണ് വിജയം.

Advertisement
Advertisement