ഉപാധികളോടെ ജീവപര്യന്തം: സെഷൻസ് കോടതികൾക്ക് അധികാരമില്ല

Thursday 09 December 2021 12:47 AM IST

കൊച്ചി: വ്യവസ്ഥകളുൾപ്പെടുത്തി ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നിശ്ചിതകാലത്തേക്ക് മോചനം പാടില്ലെന്ന വ്യവസ്ഥയോടെ സ്വാമി ശ്രദ്ധാനന്ദ കേസിന് തുല്യമായ വിധികൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്കും സുപ്രീം കോടതിക്കും മാത്രമാണ് അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തൃശൂർ തുമ്പൂർ പാറോക്കാരൻ വീട്ടിൽ കൊച്ചുപോൾ വധക്കേസിലെ പ്രതിക്ക് 20 വർഷം പരോൾ പോലും പാടില്ലെന്ന വ്യവസ്ഥ സഹിതം 40 വർഷം കഠിനതടവ് വിധിച്ച തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിധി ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കൊച്ചുപോളിന്റെ (78) മരുമകനുമായ കല്ലൂർ മാവിൻചുവട് വടക്കുംചേരി വീട്ടിൽ തോമസ് എന്ന ടോണിയുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന കൊച്ചുപോളിനെ 2011 നവംബർ 16നാണ് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊച്ചുപോളിനൊപ്പം രാത്രി തങ്ങിയ തോമസ് പുലർച്ചെ നാലോടെ വെട്ടിക്കൊന്ന് 45 ഗ്രാം സ്വർണം കവർന്നെന്നാണ് കേസ്. രണ്ട് ലക്ഷം രൂപ പിഴയും 40 വർഷത്തെ തടവുമാണ് സെഷൻസ് കോടതി വിധിച്ചത്. 20 വർഷം മോചനം പാടില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ടോണി നൽകിയ അപ്പീൽ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ഇത്തരം കേസുകളിൽ ജീവപര്യന്തം ശിക്ഷയാണ് സാധാരണ നൽകുക. മുമ്പ് കൊലക്കേസ് പ്രതിയാണെന്നത് കണക്കിലെടുത്താവാം ഉപാധി വച്ചത്. ഇല്ലാത്ത അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കുന്ന സെഷൻസ് കോടതി ഉത്തരവുകൾ ശരിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതി ഫുൾബെഞ്ച് നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി.

Advertisement
Advertisement