തിക്കും തിരക്കുമില്ല ഈ മദ്യവില്പനശാലയിൽ,​ കളക്‌ഷൻ കനത്തിലും!

Friday 10 December 2021 12:31 AM IST

കൊയിലാണ്ടി: നഗരത്തിൽ കൺസ്യൂമർഫെഡിന്റെ വിദേശ മദ്യവില്പനശാലയ്ക്കു മുന്നിൽ തിരക്കിന്റെ പൂരമൊന്നുമുണ്ടാവാറില്ല. പക്ഷേ, പ്രതിദിന കളക്‌ഷൻ ശരാശരി 25 ലക്ഷം രൂപ!.

ഇതെന്തു മറിമായമെന്ന ശങ്ക വേണ്ട. മറിച്ചുവില്പനക്കാരുടെ 'സജീവ പങ്കാളിത്തം" തന്നെ കാരണം. സാധാരണ നിലയിൽ ഒരാൾക്ക് ഒരേ സമയം പരമാവധി മൂന്നു ലിറ്റർ മദ്യമാണ് വാങ്ങാനാവുക. മറിച്ചുവില്പനക്കാർ ദിവസം രണ്ടും മൂന്നും തവണയൊക്കെ ആവശ്യക്കാരായി എത്തുകയാണ്. മാസ്‌കിനു പുറമെ ഹെൽമറ്റും കൂടി ധരിച്ചെത്തുന്ന ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന ചോദ്യമാണ് ഔട്ട്ലെറ്റ് ജീവനക്കാരുടേത്.

രാവിലെയും വൈകിട്ടുമാണ് മറിച്ചുവില്പനക്കാർ എത്തുന്ന സമയം. ഉൾനാടുകളിലെ മുക്കിലും മൂലയിലുമുണ്ട് ഇക്കുട്ടരുടെ വില്പന. ഇരട്ടിയും അതിലേറെയൊക്കെയാവും ഡിമാൻഡനുസരിച്ചുള്ള നിരക്ക്. ഇങ്ങനെ മദ്യം വാങ്ങി കച്ചവടം നടത്തുന്നവരെ പിടികൂടുക അത്ര എളുപ്പമല്ലെന്നു എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

പതിനൊന്ന് മണിയാകുന്നതോടെ ആളൊഴിഞ്ഞ ഇടമാകും ഔട്ട്‌ലെറ്റിലെ അഞ്ച് കൗണ്ടറുകളും. മറിച്ചുവില്പനക്കാർക്ക് ഏറ്റവും പ്രിയം വില കറുഞ്ഞ ബ്രാൻഡുകളാണ്. അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്നു കണ്ടെത്തിയാൽ 5000 രൂപ പിഴയടച്ച് രക്ഷപ്പെടാൻ കഴിയുമെന്നു അവർക്ക് അറിയാം.

വില്പന കൈയോടെ പിടികൂടിയാലേ ജാമ്യം ലഭിക്കാത്ത കേസാവുന്നുള്ളൂ.

ഈയടുത്ത് ചില കേസുകളൊക്കെ എക്സൈസുകാർ പിടികൂടിയിരുന്നു. എന്നാൽ, പഴുതടച്ച് മറിച്ചുവിൽക്കുന്നവർ കുറച്ചൊന്നുമല്ലെന്ന ബോദ്ധ്യമുണ്ടെന്നു എക്സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.

മറ്റു പലയിടത്തുമുള്ളതു പോലെ മദ്യം വാങ്ങിക്കൊടുക്കാനുള്ള ഏജന്റുമാരും ഇവിടെ എണ്ണത്തിൽ ഏറെയാണ്. ഇവർക്കു ചെറിയൊരു തുകയായിരിക്കും പ്രതിഫലം. അതേസമയം, ദിവസം രണ്ടായിരം മുതൽ മൂവായിരം രൂപ വരെ ഒപ്പിക്കുന്ന മറിച്ചുവില്പനക്കാരുണ്ട്.

നഗരസഭയിലെ വാർഡ്തല ജാഗ്രതാ സമിതികൾ ഈ വിഷയം എക്‌സൈസിലും പൊലീസിലും അറിയിച്ചിരുന്നു. ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന പരാതിയാണ് സമിതി പ്രവർത്തകരുടേത്.

കൊവിഡ് തീവ്രവ്യാപന വേളയിലെ അടച്ചിടലിനു പിറകെ, മദ്യവില്പനശാലകൾ വീണ്ടും തുറന്നതോടെ മറിച്ചുവില്പനക്കാരുടെ സാന്നിദ്ധ്യം പലയിടത്തും കൂടിയതായാണ് എക്സൈസുകാരുടെ തന്നെ വിലയിരുത്തൽ. ക്രിസ്തുമസ്, ന്യൂയർ ആഘോഷ വേളകളിൽ ഇനി മുക്കിലും മൂലയിലും മദ്യക്കച്ചവടമായിരിക്കുമെന്നാണ് ജാഗ്രതാ സമിതി പ്രവർത്തകർ പറയുന്നത്.

 അനധികൃതവില്പന നടത്തുന്നത് പിടിച്ചാൽ ജാമ്യം ലഭിക്കാത്ത കേസാണ്. അടുത്തിടെ ഇത്തരം നിരവധി കേസുകൾ പിടികൂടിയിട്ടുണ്ട്.

എക്‌സൈസ് ഇൻസ്‌പെക്ടർ,

കൊയിലാണ്ടി

 നാട്ടിൻപുറങ്ങളിലെ പെട്ടിക്കടകളിൽ മിക്കതിലും കിട്ടും മദ്യം. പീടികത്തിണ്ണകളും മദ്യപാന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ,

സംസ്ഥാന കൺവീനർ,

മദ്യവിരുദ്ധ ജനകീയ മുന്നണി

Advertisement
Advertisement