മെഡിസെപ് അടുത്ത മന്ത്രിസഭ പരിഗണിക്കും

Friday 10 December 2021 2:49 AM IST

തിരുവനന്തപുരം: ശമ്പളപരിഷ്ക്കരണത്തിന് പിന്നാലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആരോഗ്യസുരക്ഷാപദ്ധതിയും ഉടൻ നടപ്പാക്കും. പുതുവർഷത്തിൽ ആരോഗ്യപദ്ധതിയുടെ ഗുണം ലഭിക്കത്തക്ക തരത്തിൽ അംഗീകാരം നൽകാനാണ് സർക്കാർ നീക്കം. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ മെഡിസെപിന് അംഗീകാരം നൽകും.

പദ്ധതി തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തിരുത്തലുകൾ വരുത്താനും പേരുചേർക്കാനും അവസരമുണ്ട്. പെൻഷൻകാർ 15നും ജീവനക്കാർ 20നും മുമ്പ് ഇത് നടത്തണം. അതിന് ശേഷം അവസരം കിട്ടില്ല. പദ്ധതിയിൽ എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും അംഗങ്ങളാവണം.എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെ നിയമനാംഗീകാരം ലഭിച്ചശേഷമേ ഇൻഷുറൻസിൽ ഉൾപ്പെടുത്തുകയുള്ളു.

അഞ്ചുവർഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് വൈകിയാണെങ്കിലും തുടങ്ങുന്നത്. ഓറിയന്റൽ ഇൻഷുറൻസിനാണ് ഒടുവിൽ കരാർ ലഭിച്ചത്. മുമ്പ് കരാർ ലഭിച്ചശേഷം വ്യവസ്ഥകൾ ലംഘിച്ചതിനാൽ ഒഴിവാക്കേണ്ടിവന്ന റിലയൻസ് ജനറൽ ഇൻഷുറൻസിനെ ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്ന് സർക്കാർ വിലക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് റിലയൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ടെൻഡർ നടപടി സ്റ്റേചെയ്തിട്ടില്ല. അതിനാലാണ് പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
കോടതിവിധിക്കു വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. 6000രൂപയാണ് വാർഷിക പ്രീമിയം. ഇത് മൂന്നുമാസത്തിലൊരിക്കൽ തുല്യ ഗഡുക്കളായി ജീവനക്കാരിൽ നിന്ന് പിടിക്കും.

പെൻഷൻകാർക്ക് ട്രഷറിയിൽ സൗകര്യമൊരുക്കും

മെഡിസെപിലേക്കു മുൻപ് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിക്കാൻ പെൻഷൻകാർക്കു ട്രഷറി ശാഖകളിൽ സൗകര്യം ഒരുക്കണമെന്നു ട്രഷറി ഡയറക്ടർ സർക്കുലർ പുറത്തിറക്കി. പദ്ധതിയിലേക്കു പെൻഷൻകാരുടെ രണ്ടാംഘട്ട വിവരശേഖരണം 22 ന് മുൻപ് പൂർത്തിയാക്കണം. മുൻപ് അപേക്ഷിച്ചവർക്ക് www.medisep.kerala.gov.inഎന്ന വെബ് പോർട്ടലിൽ പി.പി.ഒ നമ്പർ, ജനന തീയതി, ട്രഷറി ശാഖയുടെ പേര് എന്നിവ നൽകി വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കാം. ഇതിനു കഴിയാത്തവർക്കാണ് ട്രഷറി ശാഖകളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തുന്നത്.

പോർട്ടലിലെ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചു അതത് ട്രഷറിയിൽ നൽകണം.

.

Advertisement
Advertisement