ശമ്പളപരിഷ്കരണം നല്ല കാര്യം; കടമെടുക്കണം 60,000കോടി

Friday 10 December 2021 12:40 AM IST

തിരുവനന്തപുരം: കൊവിഡുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ ശമ്പളപരിഷ്കരണബാദ്ധ്യത കൂടിയായതോടെ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ മുൻ സാമ്പത്തിക വർഷത്തിന്റെ ഇരട്ടിയോളം തുക കടമെടുക്കേണ്ട സ്ഥിതിയായി. നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ ശമ്പളത്തിനും മറ്റുചെലവുകൾക്കുമായി 37,784കോടി രൂപ വായ്പയെടുത്തു. നിലവിലെ സാമ്പത്തികറിപ്പോ‌ർട്ടനുസരിച്ച് 23,000 കോടികൂടി ഇനി കടമെടുക്കേണ്ടിവരും. ചുരുങ്ങിയത് മൊത്തം 60,000കോടിയോളമാണ് ഈ ഇനത്തിലെ കടബാദ്ധ്യത. കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതും നിയമനങ്ങളും ശമ്പളപരിഷ്കരണവുമാണ് ഇൗ സ്ഥിതിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം നിലയ്ക്കുകയും സാമൂഹ്യക്ഷേമ,ആരോഗ്യ ചെലവുകൾ കുത്തനേ ഉയരുകയും ചെയ്തിട്ടും മൊത്തം വാങ്ങിയ വായ്പ 38,190കോടിരൂപയാണ്. കൊവിഡ് പ്രത്യാഘാതം കുറഞ്ഞ്, സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും വാണിജ്യവ്യാപാരമേഖലയിൽ ഉണർവ്വ് പ്രകടമാകുകയും ചെയ്ത ഇൗ സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ അതിനോടടുത്ത തുക കടമെടുക്കേണ്ടിവന്നു.

വേതനവും പെൻഷനും പരിഷ്കരിച്ചതിനുശേഷമുണ്ടായ അധികച്ചെലവാണ് സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് കുതിക്കാൻ ഇടയാക്കിയതെന്നാണ് സാമ്പത്തികവിഭാഗത്തിന്റെ അനുമാനം. ഇൗ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ ശമ്പളത്തിനായി 28,684കോടിയും പെൻഷനായി 14,601കോടിയും ചെലവായി. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം ശമ്പളത്തിനായി 28,763കോടിയും പെൻഷനായി 18,943കോടിയും മാത്രമാണ് വേണ്ടിവന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 90ശതമാനം കൂടുതൽ തുക ഇൗവർഷം ചെലവഴിക്കേണ്ടിവരുന്നു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി

 2021 ഏപ്രിൽ മുതൽ സെപ്തംബർവരെ നികുതിവരവ്- 28575 കോടി

 ശമ്പളത്തിനും പെൻഷനും ഉൾപ്പെടെ റവന്യുചെലവ്- 86570 കോടി

 ധനകമ്മി - 37783കോടി

 റവന്യുകമ്മി- 30282കോടി

 നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ മൊത്തം കടം- 3.27ലക്ഷം കോടിരൂപ

Advertisement
Advertisement