കൊവിഡിനെ അതിജീവിച്ച് വ്യവസായരംഗം; സൂക്ഷ്മ-ചെറുകിട മേഖലയിൽ 91 കോടിയുടെ നിക്ഷേപം

Friday 10 December 2021 12:02 AM IST

കോഴിക്കോട് : കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ വ്യവസായ രംഗത്ത് പുത്തനുണർവ്. നടപ്പ് സാമ്പത്തികവർഷം ജില്ലയിൽ സൂക്ഷ്മ- ചെറുകിട മേഖലയിൽ 91 കോടിയുടെ നിക്ഷേപമാണ് ഉണ്ടായത്.

പ്രതിസന്ധി രൂക്ഷമായ സമയത്തും 822 പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് കഴിഞ്ഞു. 2,758 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൊവിഡിൽ തളർന്നുപോയ ചില വ്യവസായ യൂണിറ്റുകൾ വീണ്ടും സജീവമായി.

കാർഷിക, ഭക്ഷ്യാധിഷ്ഠിത മേഖലയിൽ 285 പ്രധാന വ്യവസായ യൂണിറ്റുകൾ ആരംഭിച്ചു. സേവന മേഖല 208, ജനറൽ എൻജിനിയറിംഗ് 63, ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്‌സ് 54, സിമന്റ് ഉത്പ്പന്നങ്ങൾ 33, മരാധിഷ്ഠിത മേഖല 23, പ്രിന്റിംഗ് 20, ഐ.ടി ആൻഡ് ഐ.ടി ഇ.എസ് 19, ലെതർ പ്രൊഡക്‌ട്സ് 18, പേപ്പർ പ്രൊഡക്ട്സ് 14 എന്നിങ്ങനെയാണ് സംരംഭങ്ങൾ.

എന്റർപ്രണർ സപ്പോർട്ട് സ്‌കീമിൽ 51 യൂണിറ്റുകൾക്ക് 295 ലക്ഷം രൂപ സബ്‌സിഡി നൽകി. പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി പ്രകാരം 90 യൂണിറ്റുകൾക്ക് 214 ലക്ഷം രൂപ സബ്‌സിഡിയായും കൊവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇന്ററസ്റ്റ് സബ് വെൻഷൻ പദ്ധതി പ്രകാരം 168 അപേക്ഷകൾക്ക് 17 ലക്ഷം രൂപയും അനുവദിച്ചു.

Advertisement
Advertisement