സഹകരണ വകുപ്പിൽ പുതിയ സർക്കുലർ , തട്ടിപ്പിൽ ഉദ്യോഗസ്ഥൻ കണ്ണടച്ചാൽ പിടിമുറുകും

Saturday 11 December 2021 12:00 AM IST

തൃശൂർ: തട്ടിപ്പുകൾക്ക് നേരെ കണ്ണടയ്ക്കുന്ന മേലുദ്യോഗസ്ഥരുടെ പേരിലും ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകും വിധത്തിൽ സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളിൽ നടപടികൾ കടുപ്പിച്ച് സഹകരണ വകുപ്പ്. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കുലറും പുറത്തിറക്കി. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സഹിതം ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മേധാവി പൊലീസിൽ പരാതിപ്പെടണം. വീഴ്ച വരുത്തിയാൽ ഇവർക്കതിരെയും നടപടിയുണ്ടാകും. പരാതി പൊലീസിന് നൽകുന്നതിനൊപ്പം സഹകരണ മേലധികാരിക്കും ക്രമക്കേടിന്റെ മുഴുവൻ വിവരവും തെളിവും ഉൾക്കൊള്ളിച്ച് റിപ്പോർട്ട് നൽകണം. പ്രാഥമിക, അന്തിമ റിപ്പോർട്ടുകൾക്കൊപ്പം പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയും പൂരിപ്പിച്ച് നൽകണം. സഹകരണ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, ജോയിന്റ് രജിസ്ട്രാർ (ജനറൽ) എന്നിവർക്കാണ് ക്രിമിനൽ നടപടിക്രമങ്ങളുടെ ചുമതല. വിവിധ വകുപ്പുകൾക്ക് കീഴിലുള്ളവ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്. ഒന്നിലധികം ജില്ലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ, ഫെഡറൽ, അപ്പക്‌സ് സംഘങ്ങൾ എന്നിവയുടെ കാര്യത്തിൽ രജിസ്ട്രാറാണ് നടപടി കൈക്കൊള്ളുക. മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിൽ സഹകരണ ഉദ്യോഗസ്ഥരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്കാണ് (ഫംഗ്ഷണൽ രജിസ്ട്രാർ) ഉത്തരവാദിത്വം.

Advertisement
Advertisement