എ. ടി. എം : ബാങ്കുകൾക്ക് പണം വേണം, സുരക്ഷ ഇല്ല

Friday 10 December 2021 11:08 PM IST

തിരുവനന്തപുരം: എ.ടി.എം.സേവനം സൗജന്യമല്ല,പണം നൽകണം. പക്ഷേ സുരക്ഷയൊരുക്കാൻ ബാങ്കുകൾക്ക് വിമുഖത.

എ.ടി.എം തട്ടിപ്പ് മുതൽ എ.ടി.എമ്മിൽ കയറുമ്പോൾ അപകടം വരെ ഉപഭോക്താക്കൾ നേരിടുമ്പോൾ ബാങ്കുകൾ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ കയറിയ അദ്ധ്യാപികയ്ക്ക് വാതിലിന്റെ ചില്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു.പക്ഷേ ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ ഒരു ആനുകൂല്യവും ഉറപ്പ് നൽകിയിട്ടില്ല.

ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സൗജന്യമായി നൽകുന്നതാണ് എ.ടി.എം ഡെബിറ്റ് കാർഡ്. ചില ബാങ്കുകൾ ഇൗ കാർഡിന് 350 രൂപ വരെ ഇൗടാക്കാറുണ്ട്. അഞ്ച് തവണ എ.ടി. എം. സൗജന്യമായി ഉപയോഗിക്കാം. അത് കഴിഞ്ഞാൽ ഒാരോ ഇടപാടിനും 20 രൂപവരെ നൽകണം. എസ്.എം.എസ്. അലർട്ടുകൾക്കും പണം നൽകണം. ഇത്രയേറെ പണം നൽകുന്ന ഉപഭോക്താക്കൾക്ക് എ.ടി.എം കൗണ്ടറുകളിൽ സുരക്ഷ ഒരുക്കണമെന്നതുൾപ്പെടെ റിസർവ്വ് ബാങ്ക് പൊതുവായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പല ബാങ്കുകളും ഇത് പാലിക്കുന്നില്ല.

നിർദ്ദേശങ്ങൾ

എ.ടി.എം കൗണ്ടറുകൾക്ക് വൃത്തി വേണം

സുരക്ഷയ്‌ക്ക് ഉറപ്പുള്ള വാതിലും ചുവരും വേണം

വെളിച്ചം ഉണ്ടായിരിക്കണം.

സി.സി ടി.വി കാമറ വേണം

പിൻ നമ്പർ ടൈപ്പ് ചെയ്യാൻ വെളിച്ചം വേണം.

സാനിറ്റൈസർ, സാമൂഹ്യ അകലം പാലിക്കാനുള്ള സംവിധാനം വേണം.

എ.ടി.എമ്മിനെതിരെ പരാതി

എ.ടി.എമ്മിൽ അപകടമുണ്ടാകുകയോ, തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ ഉപഭോക്തൃ ഫോറത്തിലും റിസർവ്വ് ബാങ്കിന്റെ ഒാംബുഡ്സ്മാനും പരാതി നൽകാം. സംസ്ഥാന തലത്തിൽ ഒരു ഒാംബുഡ്സ്‌മാനുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് ഒാംബുഡ്സ്‌മാന്റെ ആസ്ഥാനം.

എ.ടി.എം. ചാർജ്ജ് കൂടും

എ.ടി.എം സേവനത്തിനുള്ള ചാർജ്ജ് ജനുവരി ഒന്നുമുതൽ വീണ്ടും വർദ്ധിപ്പിക്കും. നിലവിൽ അഞ്ച് സൗജന്യ ഇടപാടിന് ശേഷം 20രൂപയാണ് ചാർജ്ജ്. ഇത് 21 രൂപയായി വർദ്ധിപ്പിച്ചു.

Advertisement
Advertisement