പള്ളിത്തോട്ടത്തെ ഹാരിസൺ ഭൂമി സർക്കാർ ഏറ്റെടുത്തു

Saturday 11 December 2021 12:28 AM IST

കൊല്ലം: പള്ളിത്തോട്ടത്ത് ഹാരിസൺ മലയാളം പ്ലാന്റേഷൻ രേഖകളില്ലാതെ കൈപ്പിടിയിലാക്കിയിരുന്ന ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. 4.4 ഏക്കർ കൊല്ലം തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം 'സർക്കാർ ഭൂമി' ബോർഡ് സ്ഥാപിച്ച് ചങ്ങല ഉപയോഗിച്ച് സീൽ ചെയ്ത് ഏറ്റെടുത്തു. ഭൂരേഖ തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്ബാബു, ഡോണൽ ലാവോസ്, ദേവരാജൻ, കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ ബിജു തുടങ്ങിയവരും ഏറ്റെടുക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.

 ഭൂമി സായിപ്പിന്റേത്

ബ്രിട്ടീഷ് ഭരണകാലത്ത് ഡങ്കൺ സായിപ്പിന്റെ ഉടമസ്ഥതയിലായിരുന്നു പള്ളിത്തോട്ടത്തെ ഈ ഭൂമി. അദ്ദേഹത്തിന്റെ വീടും വിശ്രമകേന്ദ്രവും അടക്കമുള്ള നിർമ്മിതികളാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്വാതന്ത്ര്യം ലഭിച്ചതോടെ ഡങ്കൺ സായിപ്പ് ഇവിടെ നിന്ന് മടങ്ങി. പിന്നീട് ഹാരിസൺ മലയാളം പ്ലാന്റേഷൻസ് ഈ ഭൂമി കൈയടക്കി. തുടർന്ന് ഭൂമിയുടെ കാര്യത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ല. അടുത്തിടെ, ഉപേക്ഷിക്കപ്പെട്ട ഭൂമികളുടെ രേഖകൾ കണ്ടെത്താനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റീ സർവേ രേഖകളിൽ ഈ ഭൂമി ഡങ്കൺ സായിപ്പിന്റെ പേരിലാണെന്ന് കണ്ടെത്തി. തുടർന്ന് റവന്യു വകുപ്പ് ഉടമസ്ഥർ പത്രപരസ്യം നൽകി. ആറ് മാസം കഴി‌ഞ്ഞിട്ടും ആരും സമീപിക്കാഞ്ഞതോടെയാണ് ഇന്നലെ ഭൂമി ഏറ്റെടുത്തത്.

 വരും, ജില്ലാ ജയിൽ!

കളക്ടറേറ്റിന് സമീപത്ത് ഇപ്പോഴത്തെ ജില്ലാ ജയിൽ സമുച്ചയം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്. ജയിൽ അധികൃതർ ആ സ്ഥലത്തിന് പകരം പുതിയ ഭൂമി തിരയുകയാണ്. നാലര ഏക്കർ റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. പള്ളിത്തോട്ടത്ത് ഇന്നലെ ഏറ്റെടുത്ത സ്ഥലം രേഖകളിൽ നാലേക്കർ നാല് സെന്റ് ആണെങ്കിലും ചുറ്റുമതിൽക്കെട്ടിൽ ഇത്രയും സ്ഥലം കാണുമോയെന്ന് ഉറപ്പില്ല. ജയിൽ അധികൃതർ ഈ ഭൂമി പര്യാപ്തമെന്ന് പറഞ്ഞാൽ വിട്ടുനൽകും.

Advertisement
Advertisement