വേമ്പനാട് കായലിൽ വീണ്ടും കക്ക

Sunday 12 December 2021 12:34 AM IST

കൊച്ചി: വേമ്പനാട് കായലിലെ കക്കസമ്പത്തിന് പുനരുജ്ജീവനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്. രണ്ടു കൊല്ലം മുമ്പ് കായലിന്റെ വിവിധ ഭാഗങ്ങളിൽ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു. വിളവെടുപ്പ് തുടങ്ങിയതോടെ 10 ടൺ കക്കയാണ് മത്സ്യത്തൊഴിലാളികൾ പ്രതിദിനം ഈ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്നത്. ഏകദേശം 1500 ടൺ കക്ക ഉത്പാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളിൽ നിന്ന് സി.എം.എഫ്.ആർ.ഐ പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപിച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും. വേമ്പനാട് കായലിൽ നിന്നുള്ള കക്ക ലഭ്യത മുൻകാലങ്ങളിൽ 75,000 ടണ്ണിന് മുകളിലുണ്ടായിരുന്നത് 2019ൽ 42,036 ടണായി കുറഞ്ഞ ഘട്ടത്തിലായിരുന്നു നടപടി. അയ്യായിരത്തോളം പേരാണ് വേമ്പനാട് കായലിൽ നിന്നും കക്കവാരി ഉപജീവനം നടത്തുന്നത്.