കൃഷി നാശത്തിന് നഷ്ടപരിഹാരം: രീതി മാറിയാൽ കൂടുതൽ കിട്ടും,​ നാശം - നഷ്ടം മാതൃകയിൽ കണക്കെടുക്കണമെന്ന് പഠനം

Monday 13 December 2021 12:00 AM IST

തൃശൂർ: പ്രകൃതിക്ഷോഭം മൂലമുള്ള കാർഷിക നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം കേന്ദ്രത്തിൽ നിന്നും രാജ്യാന്തര ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പലപ്പോഴും ലഭിക്കാതെ പോകുന്നത് നഷ്ടക്കണക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയതയാണെന്ന് വിദഗ്ദ്ധർ. വിളനാശം മാത്രം കണക്കാക്കുന്ന രീതിയാണ് നിലവിൽ സംസ്ഥാനത്ത് കൃഷി വകുപ്പ് ഉൾപ്പെടെ പിന്തുടരുന്നത്. പകരം നാശം -നഷ്ടം മാതൃകയിൽ കണക്കെടുക്കണമെന്ന് കാർഷിക സർവകലാശാലയുടെ പഠനം പറയുന്നു. ഭക്ഷ്യ കാർഷിക സംഘടന, ലോകബാങ്ക്, ഐക്യരാഷ്ട്ര സഭ എന്നിവ ചേർന്ന് രൂപപ്പെടുത്തിയ രാജ്യാന്തര മാനദണ്ഡമാണിത്.

വിളകൾ, ആസ്തി, അടിസ്ഥാന സൗകര്യം എന്നിവയ്ക്കുണ്ടാകുന്ന കേടാണ് നാശത്തിന്റെ പരിധിയിൽ വരിക. നശിച്ചവ നവീകരിക്കാനും പുന:സൃഷ്ടിക്കാനുമുള്ള ചെലവും ഇതിൽ വരും. വരുമാനത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന കുറവും വീണ്ടും ഉത്പാദിപ്പിക്കുമ്പോഴുള്ള അധിക, അനുബന്ധ ചെലവുമാണ് നഷ്ടത്തിൽ വരിക.

കണക്കാക്കേണ്ടത് ഇങ്ങനെ

നാശത്തിന് വിള, ആസ്തി, കന്നുകാലി, കോഴി എന്നിവ തരംതിരിച്ച് കണക്കാക്കണം. യന്ത്രങ്ങൾ, തൊഴുത്ത്, ഫാം കെട്ടിടം, ജലസേചന സംവിധാനം എന്നിവ നന്നാക്കാനോ പുതിയത് സ്ഥാപിക്കാനോ ഉള്ള ചെലവും ഇതിൽപെടും.

നഷ്ടം കണക്കാക്കുമ്പോൾ വാർഷിക, ദീർഘകാല വിളകളുടെ ഉത്പാദനക്കുറവ് കണക്കിലെടുക്കണം. ദീർഘകാല വിളകൾ പൂർണമായി നശിക്കുന്നത് നിക്ഷേപ നഷ്ടമാണ്. ഉദാഹരണം: കായ്ഫലമുള്ള തെങ്ങ് മഴക്കെടുതിയിൽ വീണാൽ, ആ വർഷം കിട്ടാതെ പോകുന്ന ഉത്പാദനമാണ് നാശം. വർഷങ്ങൾ കിട്ടുമായിരുന്ന വരുമാനം ഇല്ലാതായത് വരുമാന നഷ്ടം. പകരം തൈ നട്ട് കായ്ഫലം കിട്ടുന്നത് വരെയുള്ള ചെലവ് നിക്ഷേപ നഷ്ടവും.

2018ലെ പ്രളയത്തിൽ ചാലക്കുടി നദീതടത്തിലുണ്ടായ നാശനഷ്ടം കൃഷി വകുപ്പിന്റെ കണക്കിൽ വെറും 6 കോടിയാണ്.

രാജ്യാന്തര രീതിയനുസരിച്ച് കണക്കാക്കിയാൽ 258 കോടി വരും. വിളനഷ്ടം മാത്രം 105 കോടിയും വിളനാശം 48 കോടിയും. ശേഷിക്കുന്നത് ആസ്തി, ലൈവ്‌സ്റ്റോക്ക്, ഹ്രസ്വകാല വിളനഷ്ടങ്ങളിലും.

ഡോ. എ. പ്രേമ
പ്രൊഫ. ആൻഡ് ഹെഡ്
കാർഷിക സാമ്പത്തിക ശാസ്ത്ര വിഭാഗം,​
ഹോർട്ടിക്കൾച്ചർ കോളേജ്, വെള്ളാനിക്കര.

Advertisement
Advertisement