നിലപാടിലുറച്ച് ഗവർണർ : വാദങ്ങൾ തള്ളി മുഖ്യമന്ത്രി

Monday 13 December 2021 12:18 AM IST

തർക്കത്തിനിടയിലും ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രമം  കൂടിക്കാഴ്ച 17ന് നടന്നേക്കും

തിരുവനന്തപുരം: കണ്ണൂർ, കാലടി സർവകലാശാലാ വി.സി നിയമനങ്ങളിൽ സർക്കാരിനോട് ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറയുകയും , നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ വ്യക്തമാക്കുകയും ചെയ്തതോടെ , സമവായ നീക്കങ്ങളിൽ ആകാംക്ഷയേറി. എങ്കിലും ,ഒരേറ്റുമുട്ടലിനില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്

സർവ്വകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ നടത്തില്ലെന്ന് ഉറപ്പ് നൽകിയാൽ,ചാൻസലർ പദവി

ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്ന് ഗവർണർ ഡൽഹിയിൽ ആവർത്തിച്ചു. അതേസമയം, കണ്ണൂരിൽ വാ‌ർത്താസമ്മേളനത്തിൽ ഗവർണറുടെ ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ മുഖ്യമന്ത്രി, അനുനയ ചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടു. മുഖ്യമന്ത്രി 16നും ഗവർണർ 17നും തലസ്ഥാനത്തെത്തും. 17ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടേക്കും. ഗവർണറുടെ ഭരണഘടനാ പദവിയെ മാനിച്ച് കരുതലോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവർണർ - സർക്കാർ ഏറ്റുമുട്ടലെന്ന ധ്വനി സൃഷ്ടിക്കാ്ൻ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘപരിവാറിനെ ചൂണ്ടി മുഖ്യമന്ത്രി

ഗവർണറുടെ ആരോപണങ്ങൾക്ക് പിന്നിൽ ബി.ജെ.പി സംഘപരിവാർ നേതൃത്വത്തിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടാകാമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഗവർണർ പരിഭവമില്ലാതെ അംഗീകരിച്ച് ഒപ്പുവച്ച തീരുമാനങ്ങൾക്കെതിരെയാണ് അദ്ദേഹം ഇപ്പോൾ നിലപാടെടുത്തത്.

നേരത്തേ, കോഴിക്കോട് വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റി വച്ച പാനലിനെ മറികടന്ന് മറ്റൊരാളെ നിയമിക്കാൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഉയരുകയും, ഗവർണർ തീരുമാനം വൈകിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ, സി.പി.എമ്മിനും ഇടതുമുന്നണിക്കും ഗവർണറുടെ പുതിയ നീക്കങ്ങളിലും സംശയങ്ങളുണ്ട്. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും , നിലപാടിൽ

വിട്ടുവീഴ്‌ചയില്ലെന്ന് ഗവർണർ ആവർത്തിക്കുന്നത് സർക്കാരിന് തലവേദനയായി.

കൈകൾ കൂട്ടിക്കെട്ടുന്നു: ഗവർണർ

ഞാൻ ഏറ്റുമുട്ടലിനില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എനിക്ക് ചുമതല നൽകി. എന്നിട്ടവർ എന്റെ കൈകൾ

കൂട്ടിക്കെട്ടുന്നു. സർക്കാരിന് ഇഷ്ടമുള്ളവരെ വി.സി മാരായി നിയമിക്കാം. അത് എന്നെ മുന്നിൽ നിറുത്തി വേണ്ട. സർക്കാർ നിയമിച്ച കലാമണ്ഡലം വി സി എനിക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. ഞാൻ പരമാവധി വിട്ടുവീഴ്ച്ച ചെയ്തു. കാര്യങ്ങൾ പറയുമ്പോൾ എന്നെ റസിഡന്റ് എന്നാണ് വിളിക്കുന്നത്. ബാഹ്യഇടപെടലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോടട് പ്രതികരിക്കാനില്ല-ഗവർണർ വ്യക്തമാക്കി.

Advertisement
Advertisement