പത്തരമാറ്റിൽ കറുത്ത പൊന്ന്, കർഷകരുടെ കണ്ണിൽ തിളക്കം

Tuesday 14 December 2021 12:04 AM IST

കോഴിക്കോട്: കർഷകർക്ക് പ്രതീക്ഷയേകി കുരുമുളക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ 1300 രൂപ വർദ്ധിച്ച് ക്വിന്റലിന് 49,300 രൂപയായി. കഴിഞ്ഞ മാസം അവസാനത്തിൽ 49,000 രൂപയായിരുന്നു. ജനുവരിയിൽ ക്വിന്റലിന് 31, 300 രൂപയായിരുന്നു വിപണി വില. 2021 അവസാനിക്കാനിരിക്കെ 18,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം ഫെബ്രുവരി അവസാനത്തിലാണ് കുരുമുളക് വിലയിൽ കാര്യമായ വർദ്ധന കണ്ടുതുടങ്ങിയത്. ജൂണിൽ വില ഉയർന്ന് 36,800 വരെയെത്തി. ഒക്‌ടോബറോടെ 40,000ത്തിൽ മുട്ടി. നവംബറിൽ ദീപാവലിയോടനുബന്ധിച്ച് 45,300ലേക്ക് കുതിച്ചു. നിലവിൽ 493 രൂപ വരെ കിലോ കുരുമുളകിന് വിലയുണ്ട്. ക്രിസ്മസ് വിപണി സജീവമായതോടെ കുരുമുളക് വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അതേസമയം വില കുതിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനവും ചെടികൾക്കുണ്ടാകുന്ന ദ്രുതവാട്ടവും പൊളളൽ രോഗവും കർഷകരെ ആശങ്കയിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉത്പ്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണ തിരുവാതിര ഞാറ്റുവേലയിലാണ് കുരുമുളകിന് തിരിയിടുന്നത്. എന്നാൽ കാലംതെറ്റി മഴ പെയ്തതോടെ വിളവും കുറഞ്ഞു. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കുരുമുളക് കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത്. നാടൻ, ചേട്ടൻ, വയനാടൻ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാൽ വയനാടനാണ് ആവശ്യക്കാർ കൂടുതൽ.

വിലയിലെ മാറ്റം കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെങ്കിലും ശാസ്ത്രീയമായി കുരുമുളക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം കർഷകർക്കുണ്ട്. ഉത്പ്പാദനം കുറയുന്നതും കൂലിയിലുണ്ടായ വർദ്ധനവും കർഷകന് താങ്ങാവുന്നതിലും അധികമാണ്. കുരുമുളക് പറിക്കുന്നതിന് ആയിരം രൂപ കൂലിയിനത്തിൽ നൽകണം. കൂലിയും കൃഷിക്കാവശ്യമായ അനുബന്ധ ചെലവുകളും കഴിഞ്ഞാൽ തുച്ഛമായ തുക മാത്രമാണ് കർഷകന്റെ കൈയിലുണ്ടാവുക. മൂന്ന് കിലോ പച്ചക്കുരുമുളക് ഉണങ്ങിയാലാണ് ഒരു കിലോ ഉണക്കക്കുരുമുളക് കിട്ടുന്നത്.
മുടക്കുമുതൽ തിരിച്ചുകിട്ടാത്തതിനാൽ പരമ്പരാഗത കർഷകരിൽ പലരും കുരുമുളക് കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.

''വില വർദ്ധനവ് ചെറിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഉത്പ്പാദനം കുറഞ്ഞു. രണ്ടുവർഷം മുമ്പ് ഒരു ക്വിന്റൽ കുരുമുളക് വിറ്റിരുന്നു. ഇപ്പോൾ പത്ത് കിലോ പോലും തികയുന്നില്ല ''

-കെ. ദിവാകരൻ, കുരുമുളക് കർഷകൻ

Advertisement
Advertisement