കണ്ണൂർ വി.സിയുടെ പുനർനിയമനം: മന്ത്രി ബിന്ദുവിന്റെ കത്ത് നിയമക്കുരുക്കാവും

Tuesday 14 December 2021 12:58 AM IST

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഒൗദ്യോഗികമായി ഗവർണർക്ക് നൽകിയ കത്തുകൾ പുറത്തുവന്നതോടെ വാക്പോരിൽ നിന്ന് നിയമക്കുരുക്കിലേക്ക് വിവാദം വഴിമാറുമെന്ന് ഉറപ്പായി. കണ്ണൂർ വി.സി നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിൽ ഈ കത്തുകൾ നിർണായകമാവും. നിയമപ്രകാരം പ്രായപരിധി കഴിഞ്ഞ വ്യക്തിയ്ക്കായി മന്ത്രി അനധികൃതമായി നൽകിയ ശുപാർശ അതേപടി അംഗീകരിച്ച് ഗവർണർ നടത്തിയ നിയമനം റദ്ദാകാനാണ് ഇട. സമ്മർദ്ദത്തിലാക്കിയാണ് ഉത്തരവ് ഇറക്കിച്ചതെന്ന് ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയാൽ മന്ത്രിയും സർക്കാരും കുരുക്കിലാവും.

നിയമനങ്ങൾ സംബന്ധിച്ച താല്പര്യം ദൂതൻവഴി വാക്കാൽ എല്ലാ സർക്കാരും അറിയിക്കാറുണ്ട്. ആ പതിവ് തെറ്റിച്ചാണ് മന്ത്രി ബിന്ദു കത്തയച്ചത്.

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി വിവാദം തണുപ്പിച്ചാലും നിയമപ്രശ്നങ്ങൾ അവസാനിക്കില്ല. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ചാൻസലർ, മന്ത്രിയുടെ ശുപാർശയ്ക്ക് വഴങ്ങി നിയമവിരുദ്ധമായ നിയമനം നടത്തിയതും കോടതിയിൽ ചോദ്യംചെയ്യപ്പെടും.

പ്രോ ചാൻസലറുടെ അവകാശമെന്ന്

രണ്ടാം കത്തിൽ മന്ത്രി

(1) നവംബർ 22: കത്ത് 401/2021

.......ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ രാജ്യത്തെ ശ്രേഷ്‌ഠവും പ്രമുഖവുമായ സർവകലാശാലയായി കണ്ണൂർ സർവകലാശാല മാറി. അതിനാൽ ഗോപിനാഥ് രവീന്ദ്രന് വൈസ്ചാൻസലറായി ഒരു ടേം കൂടി നൽകണം. അദ്ദേഹം തുടർന്നാൽ സർവകലാശാലയ്ക്ക് അത്യധികം പ്രയോജനകരമായിരിക്കും. പുനർനിയമനം നൽകാൻ സർവകലാശാല നിയമത്തിലെ സെക്ഷൻ10(10) പ്രകാരം തടസമില്ല. പ്രായപരിധി തടസവുമല്ല.

വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഒക്ടോബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ഗോപിനാഥ് രവീന്ദ്രന് രണ്ടാംവട്ടവും വൈസ്ചാൻസലറായി തുടരാനാവും വിധം പുനർനിയമനം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

(2) നവംബർ 22: കത്ത് 406/2021

കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നവംബർ23ന് കഴിയും. ഗവർണറുടെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വി.സിയെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം റദ്ദാക്കാൻ നടപടിയെടുത്തു.

കണ്ണൂർ സർവകലാശാലയുടെ പ്രോ ചാൻസല‌ർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് നവംബർ 24മുതൽ പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നു.

കണ്ണൂരിലെ കുരുക്ക്

1)സർവകലാശാലാ നിയമപ്രകാരം വൈസ്ചാൻസലർക്ക് പുനർനിയമനം നൽകുന്നതിൽ തെറ്റില്ല. രണ്ട് ടേമിൽ കൂടുതൽ ആരെയും വി.സിയാക്കരുതെന്നു മാത്രം. എന്നാൽ അതിന് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യണം.

2) സെർച്ച് കമ്മിറ്റി രൂപീകരിച്ചതല്ലാതെ യോഗം ചേർന്നിട്ടില്ല. അപേക്ഷകൾ സ്വീകരിക്കന്നതിനിടെ കമ്മിറ്രിയെ പിരിച്ചുവിട്ടു.

3)സർവകലാശാലാ ചട്ടപ്രകാരം വി.സിക്ക് നിയമനസമയത്ത് അറുപത് വയസ് കഴിയാൻ പാടില്ല. 57വയസിൽ നിയമിതനായ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇപ്പോൾ 61വയസുണ്ട്.

4)പുന‌‌ർനിയമനമാണെങ്കിലും പുതിയ നിയമനംപോലെ നടപടികൾ പാലിക്കണം

പ്രോ ചാൻസലർ വെറും അലങ്കാരം

പ്രോ ചാൻസലറായ വകുപ്പ് മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ നിയമപരമായി അധികാരമില്ല. ആലങ്കാരിക പദവിയാണിത്. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങൾ കൈയാളാം. പ്രോ ചാൻസലർ ഒരു ഫയലും കാണേണ്ടതില്ല.

Advertisement
Advertisement