പദ്ധതികൾ നിരസിച്ച് കെ.എസ്. ഇ.ബി അദ്ധ്വാനിച്ച് ലാഭം വേണ്ട, നിരക്ക് കൂട്ടൽ സുഖപ്രദം

Tuesday 14 December 2021 12:23 AM IST

തിരുവനന്തപുരം: മികച്ച പൊതുമേഖലാസ്ഥാപനമായി മാറാനും ലാഭം ഉറപ്പാക്കാനും രണ്ട് പദ്ധതികൾ വന്നെങ്കിലും കെ.എസ്.ഇ.ബി ഒഴിഞ്ഞുമാറി.

കൈയും കെട്ടിയിരുന്ന് ജനങ്ങളുടെ പണം ഊറ്റുന്ന നിരക്ക് വർദ്ധനയിലാണ് താല്പര്യം.

കെ.എസ്.ഇ.ബി.യെ ലാഭത്തിലാക്കാൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് തയ്യാറാക്കിയ പദ്ധതിയും കേന്ദ്രഉൗർജ്ജ മന്ത്രാലയത്തിന്റെ ഉദയ് പദ്ധതിയുമാണ് വേണ്ടെന്നുവച്ചത്. ജോലിയിലെ പുനർവിന്യാസവും ഉദ്പാദനക്ഷമത കൂട്ടാനുള്ള നിർദ്ദേശങ്ങളും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല.

2015ൽ കൊണ്ടുവന്ന ഉദയ് പദ്ധതി കേന്ദ്രത്തിന്റേതായതിനാൽ കൈവിട്ടു. 2019ൽ പൂർത്തിയാകുമായിരുന്ന പാക്കേജ് ആന്ധ്രയും മഹാരാഷ്ട്രയും ഒഡിഷയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്വീകരിച്ചു.

2014ലാണ് കെ.എസ്.ഇ.ബി.യെ ലാഭത്തിലാക്കാനുള്ള വിപുലമായ പദ്ധതി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് തയ്യാറാക്കിയത്.

ജീവനക്കാരെ കുറയ്ക്കണം, അമിത ശമ്പളം നൽകരുത്

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്)

 ഒരുസെക്ഷനിൽ 40പേർക്ക് പകരം 25ജീവനക്കാർ

 36000 ജീവനക്കാർക്ക് പകരം 25000 പേർ മതി

 പുതിയ തസ്തികകൾ ആവശ്യമില്ല

 തസ്തികകൾ സാങ്കേതിക വളർച്ചയ്ക്കനുസരിച്ച് ഏകീകരിക്കുക.

 പ്രസരണനഷ്ടം ഒഴിവാക്കാൻ ആധുനിക സാങ്കേതിക സംവിധാനം

 ശമ്പളവർദ്ധന യുക്തിഭദ്രമായി നിയന്ത്രിക്കുക

4178കോടിയുടെ ഗ്രാന്റുമായി കേന്ദ്രം

 ഉജ്ജ്വൽ ഡിസ്കോം അഷ്വറൻസ് യോജന (ഉദയ് പാക്കേജ് ) അനുസരിച്ച് കേന്ദ്രവുമായി ധാരണപത്രം ഒപ്പുവയ്ക്കണം.

 നഷ്ടം നികത്താൻ അമിത നിരക്ക് വർദ്ധന പാടില്ലെന്ന് പ്രധാന നിബന്ധന.

 2015 വരെയുള്ള 7000കോടിയുടെ കടബാദ്ധ്യത 75% ബോണ്ടായും 25% സെക്യൂരിറ്റിയായും കേന്ദ്രസർക്കാർ ഏറ്റെടുക്കും.

 വിതരണ സംവിധാനം കുറ്റമറ്റതാക്കാൻ 4178കോടിയുടെ ഗ്രാന്റ് നൽകും.

 താപനിലയങ്ങൾക്ക് സബ്സിഡി നിരക്കിൽ കൽക്കരി

നിരക്ക് കൂട്ടാതെ കേന്ദ്രം ഉറപ്പ് നൽകിയ ലാഭം

 2016-17: 651 കോടി

 2017-18: 97.79 കോടി

 2018-19: 148.34 കോടി

Advertisement
Advertisement