'മലബാർ പറക്കും തവള' കൊച്ചി നഗരത്തിൽ

Tuesday 14 December 2021 12:55 AM IST

മലബാർ പറക്കും തവള

തിരുവനന്തപുരം: പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളിൽ മാത്രം കണ്ടുവരുന്ന മലബാർ പറക്കുംതവളയെ (മലബാർ ഗ്ലൈഡിംഗ് ഫ്രോഗ്) കൊച്ചി നഗരത്തിൽ കണ്ടെത്തി.

എറണാകുളം ഏലൂരിലെ രതീഷിന്റെ വീടിനടുത്തുള്ള കുളത്തിന് സമീപത്തായി കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്‌കൂളിലെ ബയോളജി അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ രാജീവാണ് ബഹുവർണ്ണത്തിലുള്ള തവളയെ കണ്ടെത്തിയത്. .എസ്.എച്ച് കോളേജ് ജന്തുശാസ്ത്ര വിഭാഗം എച്ച്.ഒ.ഡി മാത്യു ഇത് സ്ഥിരീകരിച്ചു. കേരളത്തിൽ അപൂർവ്വമായ തവളയെ നേരത്തെ മലബാറിലെ പുല്ലാട്ട് കണ്ടെത്തിയിരുന്നു. വംശനാശഭീഷണി നേരിടുന്ന ഇവയുടെ ശാസ്ത്രീയ നാമം 'റോക്കോഫോറസ് മലബാറിക്കസ് 'എന്നാണ്.

ഒറ്റച്ചാട്ടത്തിൽ 15 മീറ്റർ

ഒറ്റക്കുതിപ്പിൽ പതിനഞ്ചു മീറ്റർവരെ പറക്കും.

10 സെന്റി മീറ്ററോളം നീളമുള്ള ശരീരത്തിന്റെ നിറം പച്ച. കാലുകൾക്കു മഞ്ഞ നിറം.

കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് പറക്കാൻ സഹായിക്കുന്നത്. പറക്കുമ്പോൾ പാട കാറ്റു പിടിക്കത്തക്കവിധം വിടർത്തുകയും കൈകാലുകൾ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും. വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനും കഴിയും. വലിയ കണ്ണുകളുള്ള ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കും. ജലാശയങ്ങൾക്കു സമീപമുള്ള മരങ്ങളിൽ കൂടുണ്ടാക്കിയാണ് മുട്ടയിടുന്നത്.

Advertisement
Advertisement