തീർത്ഥാടന നിറവിൽ ശിവഗിരിക്കുന്ന്

Wednesday 15 December 2021 12:00 AM IST

ശിവഗിരി : മഹാതീർത്ഥാടനത്തിന്റെ നിറവിലാണ് ഇന്ന് മുതൽ ശിവഗിരിക്കുന്ന്. 89-ാമത് തീർത്ഥാടനം ഡിസംബർ 30, 31, ജനുവരി 1 തീയതികളിലാണ്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ഇന്ന് മുതൽ ജനുവരി 5 വരെ ചെറുസംഘങ്ങളായി തീർത്ഥാടകർക്ക് വന്നുപോകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

തീർത്ഥാടന കാലത്തെപ്പോലെ വഴിപാട് കൗണ്ടറുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. ഗുരുപൂജയ്ക്കും അന്നദാനപ്രസാദത്തിനും പ്രത്യേക സൗകര്യങ്ങളുമുണ്ട്. ഗുരുപൂജാഹാളിനു പുറമെ വിപുലമായ പന്തലും സജ്ജീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മഠത്തിലേക്ക് പ്രവേശനം. ഭക്തജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലവും, നിർദ്ദേശങ്ങളും പാലിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ അഭ്യർത്ഥിച്ചു.

ഗുരുദേവകൃതികളെ അടിസ്ഥാനമാക്കിയുള്ള ധർമ്മപ്രബോധനം ഇന്ന് വൈകുന്നേരം മുതൽ 18വരെ ഗുരുപൂജാ മന്ദിരഹാളിൽ നടക്കും. 19 മുതൽ 29 വരെ ശിവഗിരിമഠത്തിലെയും ഇതര ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെയും സന്യാസിശ്രേഷ്ഠർ ഗുരുദേവകൃതികളും ആദ്ധ്യാത്മിക വിഷയങ്ങളും ഉൾകൊളളിച്ചുള്ള പ്രഭാഷണങ്ങൾ ശാരദാമഠത്തിന് സമീപത്തെ പന്തലിൽ നടത്തും. ഡിസംബർ 30ന് ശിവഗിരിയിൽ ഉയർത്താനുളള ധർമ്മപതാക കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ 29ന് ശിവഗിരയിലെത്തിക്കും. കൊടിക്കയർ ചേർത്തല മഹാസമാധി ആചരണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരും. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിലുളള ദിവ്യജ്യോതിസ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ്. ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഇലവുംതിട്ടയിലെ മഹാകവി മൂലൂർ ഭവനത്തിൽ നിന്ന് (കേരളസൗധം) എഴുന്നളളിച്ച് കൊണ്ടുവരും. തീർത്ഥാടനത്തിനു മുന്നോടിയായി ആഗോളതലത്തിലുള്ള വിളംബര സമ്മേളനങ്ങൾ ഡിസംബർ 28 വരെ തുടരും.

ഗുരുപൂജാ ദ്രവ്യങ്ങൾ സമർപ്പിക്കാം

തീർത്ഥാടകർക്ക് ഇന്നു മുതൽ ജനുവരി 5 വരെ ഗുരുപൂജ അന്നദാനത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. ഇതിനായി കാർഷിക വിളകളും പലവ്യജ്ഞനങ്ങളും ഭക്തജനങ്ങൾക്ക് സമർപ്പിക്കാം.

ഗുരുധർമ്മ പ്രചാരണസഭയുടെ വിവിധ ജില്ലാകമ്മിറ്റികൾ ഇത്തവണ വിപുലമായ തോതിൽ ഉത്പന്നങ്ങൾ എത്തിക്കുമെന്ന് ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ അറിയിച്ചു. ഇന്ന് എറണാകുളം കുന്നത്തുനാട്ടിൽ നിന്നും 17ന് കർണ്ണാടകം മൈസൂർ കേന്ദ്രീകരിച്ചും ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലും ജില്ലയിലെ 9 മണ്ഡലങ്ങളിൽ നിന്നും കാർഷികവിളകളും പലവ്യജ്ഞനങ്ങളും സംഭരിക്കും. 25ന് നാഗമ്പടം മഹാദേവക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിനു ശേഷം ഉത്പന്നങ്ങൾ ശിവഗിരിയിലെത്തിക്കും. കോട്ടയം സംഘം യാത്രാമദ്ധ്യേ വിവിധ കേന്ദ്രങ്ങളിലും ഉത്പന്നങ്ങൾ ശേഖരിച്ച് രണ്ട് മണിയോടെ മഹാസമാധിയിലെത്തിക്കും. ആലപ്പുഴയിൽ നിന്നും 27ന് ഉത്പന്നങ്ങൾ സഭ ശിവഗിരിയിലെത്തിക്കും. തമിഴ്നാട്ടിലെ കുറ്റാലം, കൊല്ലം ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്, തൃശൂർ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഉത്പന്നങ്ങളെത്തിക്കും. ഗുരുപൂജാഹാളിനു സമീപമുള്ള ഉത്പന്ന സമർപ്പണ കേന്ദ്രത്തിലാണ് സാധനങ്ങൾ എത്തിക്കേണ്ടതെന്ന് തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദും സ്വാമി ബോധിതീർത്ഥയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447551499 എന്ന നമ്പരിൽ ബന്ധപ്പെടണം.

Advertisement
Advertisement