പദ്ധതി രേഖയുണ്ടാക്കിയത് 18 മാസം കൊണ്ട്

Tuesday 14 December 2021 11:33 PM IST

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ വിവരങ്ങൾ അറിയാതെയാണ് സിസ്ട്ര ഇന്ത്യ കമ്പനിയുടെ മുൻ ജീവനക്കാരനായ അലോക് വർമ്മ ആരോപണമുന്നയിക്കുന്നതെന്ന് പദ്ധതി നടത്തിപ്പുകാരായ റെയിൽവേ വികസന കോർപറേഷൻ (കെ-റെയിൽ).

18 മാസം കൊണ്ട് വിശദമായ പഠനത്തിലൂടെയാണ് പദ്ധതിരേഖയും അനുബന്ധ രേഖകളും ഉണ്ടാക്കിയത്. അതിനുശേഷം ചെറു വിമാനമുപയോഗിച്ച് ലിഡാർ സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും ട്രാഫിക് സ്റ്റഡിയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി.

മുംബയ്- അഹമ്മദാബാദ്, ഡൽഹി- വാരണാസി അതിവേഗ റെയിൽ പദ്ധതികൾക്കും തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കും ലിഡാർ സർവേയാണ് ഉപയോഗിച്ചത്. ഏറ്റവും ആധുനികവും കൃത്യവുമാണിത്.

തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി സർക്കാർ 25 കോടി ചെലവിട്ട് ഡി.എം.ആർ.സിയെക്കൊണ്ട് പഠന റിപ്പോർട്ടുണ്ടാക്കിയിരുന്നു. ഈ റിപ്പോർട്ടിലെ നല്ലവശങ്ങൾ സിൽവർ ലൈനിനായി പഠിച്ചിട്ടുണ്ട്. ഡി.എം.ആർ.സിയുടെ അലൈൻമെന്റോ റിപ്പോർട്ടോ അതേപടി പകർത്തിയിട്ടില്ലെന്നും കെ-റെയിൽ അറിയിച്ചു.

Advertisement
Advertisement