കളിക്കളത്തിൽ കരുതലായി 'സ്പോർട്സ് ആയുർവേദ'

Wednesday 15 December 2021 12:24 AM IST

കൊല്ലം: മത്സരങ്ങൾക്കിടെ പരിക്കേൽക്കുന്ന കായികതാരങ്ങൾക്ക് മികച്ച പ്രഥമശുശ്രൂഷയും സൗജന്യ തുടർ ചികിത്സയും ഉറപ്പാക്കി ആയുർവേദ വകുപ്പിന്റെ 'സ്പോർട്സ് ആയുർവേദ'. കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയത്തിൽ ആറു ദി​വസമായി​ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗയിംസ്, ജില്ല അത്‌ലറ്റിക് മീറ്റ് എന്നിവയിൽ പങ്കെടുത്ത 200 ഓളം കായികതാരങ്ങൾക്കാണ് ആയുർവേദ ചികിത്സ ഉറപ്പാക്കിയത്.

ഭാരതീയ ചികിത്സാവകുപ്പിന്റെ സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ (സാർക്) നേതൃത്വത്തിലാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. ജില്ലാ ആയുർവേദ ആശുപത്രിയിലും സ്റ്റേഡിയത്തിൽ സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയി​ലുമാണ് (സായി) ജില്ലയിലെ രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 2 വരെ ജില്ലാ ആശുപത്രിയിലും ഉച്ചയ്ക്ക് 2 മുതൽ 6 വരെ സ്റ്റേഡിയത്തിലും സ്പോർട്സ് ആയുർവേദ ചികിത്സ ലഭ്യമാകും.
2012 മുതൽ ജില്ലയിൽ സാർക് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കോ ഓർഡിനേറ്റർ ഡോ. സനൽകുമാറിന്റെ നേതൃത്വത്തിൽ സാർക് മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു ബി. ചന്ദ്രൻ, ഡോ. സുബിന, ഡോ. ഹസീം, ഡോ. റിയാന വാഹിദ്, തെറാപ്പിസ്റ്റ് വിമൽലാൽ എന്നിവരാണ് സ്പോർട്സ് ആയുർവേദയിലെ ചികിത്സകർ.

# സ്പോർട്സ് ആയുർവേദ ലക്ഷ്യങ്ങൾ.

 ആയുർവേദ രീതിയിൽ കായിക താരങ്ങളുടെ ക്ഷമത മെച്ചപ്പെടുത്തുക

 താരങ്ങൾക്കുണ്ടാകുന്ന പരിക്കുകൾക്ക് പാർശ്വഫലങ്ങളില്ലാത്ത ചികിത്സ

 പേശികളിലും ഞരമ്പുകളിലും സന്ധികളിലുമുണ്ടാകുന്ന പരിക്കുകൾക്ക് ചികിത്സ

 വിവിധ കായിക മത്സരയിനങ്ങൾക്ക് അനുസൃതമായ ആയുർവേദ ചികിത്സ നൽകുക

Advertisement
Advertisement