അവധി 5 വർഷത്തിലേറെ നീണ്ടാൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകന്റെ ജോലി പോകും

Wednesday 15 December 2021 9:22 PM IST

കൊച്ചി: തുടർച്ചയായി അഞ്ചു വർഷത്തെ അവധിക്കു ശേഷം എയ്ഡഡ് സ്കൂൾ അദ്ധ്യാപകൻ തിരിച്ചു കയറിയില്ലെങ്കിൽ ജോലി പോകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് സ്കൂളിലെ അദ്ധ്യാപകനായ ഷാജി. പി. ജോസഫ് ദീർഘകാല അവധി നീട്ടാൻ നൽകിയ അപേക്ഷ സ്കൂൾ മാനേജർ നിരസിച്ചതിനെതിരെ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2005 സെപ്തംബറിൽ ഹർജിക്കാരൻ അഞ്ചു വർഷത്തെ അവധിയെടുത്ത് യു.കെയിൽ പോയി. 2010ൽ അഞ്ചു വർഷം കൂടി അവധി തേടിയത് അനുവദിച്ചു. വീണ്ടും അഞ്ചു വർഷം കൂടി അവധി തേടി 2015ൽ നൽകിയ അപേക്ഷ സ്കൂൾ മാനേജർ നിരസിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം അവധി നിഷേധിക്കാൻ മാനേജർക്ക് കഴിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സർക്കാർ സ്കൂളിലെ അദ്ധ്യാപകർക്ക് തുടർച്ചയായി 20 വർഷം അവധി അനുവദിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അതേ ആനുകൂല്യം എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് നിഷേധിക്കാനാവില്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, വിദ്യാഭ്യാസ ചട്ടം സർക്കാർ - എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ഒരുപോലെ ബാധകമാണെങ്കിലും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് അഞ്ചു വർഷത്തിലേറെ ദീർഘകാല അവധി അനുവദനീയമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഞ്ചു വർഷത്തിനു ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം 56(4)ലെ വ്യവസ്ഥ.

Advertisement
Advertisement