പെരിയ ഇരട്ടക്കൊലക്കേസ്: മുൻ എം.എൽ.എ കുഞ്ഞിരാമൻ ഉൾപ്പെടെ 4 പേർ ഹാജരായില്ല

Wednesday 15 December 2021 9:45 PM IST

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ പ്രതിചേർത്ത കാസർകോട് ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഭാസ്‌കരൻ, ഗോപാൽ വെളുത്തോലി, സന്ദീപ് വെളുത്തോലി എന്നിവർ ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ മുഖേന ബോധിപ്പിച്ചു. ആലക്കോട് മണി, ബാലകൃഷ്‌ണൻ, മണികണ്ഠൻ, രാഘവൻ വെളുത്തോലി എന്നിവർ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരായി. മറ്റുള്ളവർ ഡിസംബർ 22ന് ഹാജരായി ജാമ്യം എടുക്കാൻ കോടതി നിർദ്ദേശിച്ചു.

2019 ഫെബ്രുവരി 17 ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തുടരന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഡിസംബർ ഒന്നിന് സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്ന പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്ണു സുരയെന്ന സുരേന്ദ്രൻ, ശാസ്താ മധുവെന്ന മധു, റെജി വർഗ്ഗീസ്, ഹരിപ്രസാദ് എന്നിവരെക്കൂടി അറസ്റ്റ് ചെയ്തു. കെ.വി. കുഞ്ഞിരാമൻ, രാഘവൻ വെളുത്തോലി, കെ.വി. ഭാസ്‌കരൻ, ഗോപാൽ വെളുത്തോലി, സന്ദീപ് വെളുത്തോലി എന്നിവരെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. തുടർന്നാണ് ഇവർക്കും നേരത്തെ അറസ്റ്റ് ചെയ്ത പ്രതികളിൽ ജാമ്യത്തിൽ കഴിയുന്ന മണി, ബാലകൃഷ്‌ണൻ, മണികണ്ഠൻ എന്നിവർക്കും കോടതി ഹാജരാകാൻ നോട്ടീസ് നൽകിയത്.

ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ 18 പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലും എറണാകുളം ജില്ലാ ജയിലിലുമായി കഴിയുന്ന ഇവരെ ഇന്നലെ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കി. കുറ്റപത്രത്തിന്റെ പകർപ്പ് ഇവർക്കു നൽകാൻ കോടതി നിർദ്ദേശിച്ചു. ഡിസംബർ ഒന്നിന് അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് കാലാവധി കോടതി ഡിസംബർ 29 വരെ നീട്ടി. എറണാകുളം ജയിലിൽ കഴിയുന്ന തങ്ങളെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് ഈ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ എതിർത്തു. വിചാരണ നടപടികൾ തുടങ്ങുന്ന സാഹചര്യത്തിൽ പ്രതികളെയെല്ലാം എറണാകുളത്തെ ജയിലിലേക്ക് മാറ്റേണ്ടതുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.

Advertisement
Advertisement