ലൈസൻസ് പുതുക്കാൻ കൈക്കൂലി 25,000 രൂപ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ പിടിയിൽ

Thursday 16 December 2021 12:53 AM IST

കോട്ടയം: ലൈസൻസ് പുതുക്കാൻ ടയർ റീട്രെഡിംഗ് സ്ഥാപനത്തിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പന്തളം, മങ്ങാരം മദീനയിൽ എ.എം. ഹാരിസിനെയാണ് (51) കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പാലാ പ്രവിത്താനം പി.ജെ ട്രെഡ് ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകൾ ഇന്നലെ രാവിലെ ഓഫീസിൽ കൈപ്പറ്റുന്നതിനിടയിലായിരുന്നു അറസ്റ്റ്.

സ്ഥാപനത്തിനെതിരേ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും ലൈസൻസ് പുതുക്കി നൽകിയില്ല. നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഒരു ലക്ഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് വന്ന ഹാരീസ് 25,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഉടമ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.

Advertisement
Advertisement