കുരുമ്പൻമൂഴി ഉരുൾപൊട്ടൽ: നഷ്ടപരിഹാരം വൈകുന്നു

Thursday 16 December 2021 12:04 AM IST

റാന്നി: ഉരുൾപൊട്ടൽ നാശം വിതച്ച കുരുമ്പൻമൂഴിയിൽ വീടും കൃഷിയിടങ്ങളും ഉൾപ്പടെ നശിച്ചവർക്ക് നഷ്ടപരിഹാരം വൈകുന്നു. കഴിഞ്ഞ ഒക്ടോബർ 23 നാണ് കുരുമ്പൻമൂഴി പനംകുടന്ത അരുവിയിൽ ഉരുൾപൊട്ടിയത്. ശക്തമായി ഒഴുകിയെത്തിയ മലവെള്ളം ഒരു വീട് പൂർണമായും തകർത്തിരുന്നു. രണ്ടു വീടുകൾക്ക് സാരമായ കേടുപാടുകളും സംഭവിച്ചു. വീടുകൾക്കുള്ളിൽ വെള്ളം കയറി വീട്ടു സാധനങ്ങൾ ഉൾപ്പടെ ഒലിച്ചുപോയിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേന അംഗങ്ങളും പഞ്ചായത്ത് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദിവസങ്ങളുടെ ഇടവേളകളിൽ രണ്ട് ഉരുൾപൊട്ടലുകൾ കൂടി ഉണ്ടായതോടെ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ ഭയമായിരുന്നു. മഴ മാറി ആശങ്ക ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് ആളുകൾ വീടുകളിലേക്ക് മടങ്ങിയത്. നാല് കുടുംബങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. വീട് പൂർണമായും നശിച്ച ചിലമ്പിക്കുന്നേൽ മനോജ് ബന്ധു വീട്ടിലാണ് താമസം. രണ്ടു മാസങ്ങൾകഴിഞ്ഞിട്ടും വീടും കൃഷി ഭൂമിയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടായില്ല. ഏക്കറ് കണക്കിന് കൃഷി ഭൂമിയാണ് നശിച്ചത്. ആളുകൾ വീടുകളിലേക്ക് മടങ്ങിയെങ്കിലും വീടും പരിസരവും വാസയോഗ്യമാക്കണമെങ്കിൽ ഏറെ പണിപ്പെടേണ്ട സ്ഥിതിയാണ്. കൂറ്റൻ പാറക്കല്ലുകളും മറ്റും കൃഷി ഭൂമിയിലും പുരയിടങ്ങളിലും ചിതറിക്കിടക്കുകയാണ്. മന്ത്രി ഉൾപ്പടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.

Advertisement
Advertisement