കടുവ നാട്ടിലുണ്ടെന്ന് ഉറപ്പായി, പിടികൂടാൻ വലവിരിച്ച്   180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന വൻ സംഘം

Friday 17 December 2021 8:52 AM IST

വയനാട് : കുറുക്കന്മൂലയിൽ കാടിറങ്ങിയെത്തിയ കടുവ ഇപ്പോഴും നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. പയമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇവിടെ പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണ് ഉറപ്പിച്ചു. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കടുവയെ കണ്ടെത്തുന്നതിനായി വൻ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിംഗ് ടീം ഇന്ന് പകൽ നാട്ടിൽ വിശദമായ തെരച്ചിൽ നടത്തും. ഇതിനായി മുപ്പത് പേരടങ്ങുന്ന ആറ് സംഘത്തെയാക്കി തിരിച്ചാവും തെരച്ചിൽ ആരംഭിക്കുക. രാവിലെ ഒമ്പത് മുതൽ കടുവയെ തേടി ഇവർ ദൗത്യം ആരംഭിക്കും.

കടുവയെ കണ്ടെത്താനും, ഭയപ്പെടുത്തി തിരികെ വനത്തിലേക്ക് വിടുന്നതിനുമായി വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലേക്ക് കൊണ്ടു വരും. വിവിധ ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തിയെങ്കിലും കടുവ നാട്ടിൽ സൈ്വര്യവിഹാരം നടത്തുകയാണ്. നിരവധി വളർത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. ജനരോഷം ഉയർന്നതോടെ കടുവയെ പിടിക്കാൻ വനം വകുപ്പ് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് കുറുക്കന്മൂലയിലെ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കുറുക്കന്മൂലയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയാണ് വളർത്ത് മൃഗങ്ങളെ പിടികൂടുന്നത്. കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. കാട്ടിൽ വേട്ട നടത്തി ഇരയെ കീഴ്‌പ്പെടുത്താനുള്ള ആരോഗ്യമില്ലാത്തതാണ് കടുവ നാട്ടിലിറങ്ങാൻ കാരണം. മുറിവേറ്റതിനാൽ മയക്കുവെടി വച്ച് കീഴ്‌പ്പെടുത്തുന്നതും ബുദ്ധിമുട്ടാവും.