നഗരം മുഴുവൻ ഇനി നഗരസഭയിൽ കാണാം

Saturday 18 December 2021 12:45 AM IST

പട്ടാമ്പി: നഗരം മുഴുവൻ നിരീക്ഷണ വലയത്തിലാക്കി നിരീക്ഷണ കാമറകൾ കൺതുറന്നു. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, ക്രമസമാധാന പാലനത്തെ സഹായിക്കുക, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുക വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷിതത്വം നൽകുക എന്നിവ ലക്ഷ്യമാക്കിയാണ് നഗരത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചത്. എം.എൽ.എ മുഹമ്മദ് മുഹ്സിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തി പട്ടാമ്പിയെ മികച്ച നഗരമാക്കി മാറ്റിയെടുക്കുന്നതിനായി നഗരസഭ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി എം.എൽ.എ മുഹമ്മദ് മുഹ്സിൻ പറഞ്ഞു. നഗരത്തെ പൂർണമായും കോർത്തിണക്കിയുള്ള സി.സി ടിവി സംവിധാനം പട്ടാമ്പി നഗരസഭ, റോട്ടറി ക്ലബ്ബ് പട്ടാമ്പി ചാപ്ടറുമായി സഹകരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും നഗരസഭയിൽ ലഭ്യമാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി സ്വാഗതം പറഞ്ഞു, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജ ശേഖർ ശ്രീനിവാസൻ മുഖ്യാതിഥിയായി. പി.കെ.കവിത, കെ.ടി.റുഖിയ, എൻ.രാജൻ, പി.കെ.കവിത എന്നിവർ പങ്കെടുത്തു

32 കാമറകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഡി.വി.ആറാണ് ഇതിന്റെ ഭാഗമായി നഗരസഭയിൽ ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ പട്ടാമ്പിയിലെ ഗ്രാമ പ്രദേശങ്ങളിൽ കൂടി കാമറകൾ സ്ഥാപിച്ച് നഗരസഭ പരിധി മുഴുവൻ സുരക്ഷിതമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ഒ.ലക്ഷ്മിക്കുട്ടി, നഗരസഭ ചെയർപേഴ്സൺ

Advertisement
Advertisement