കണ്ണൂർ വി.സി നിയമനം: അപ്പീൽ സ്വീകരിച്ചു ഗവർണർക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ്

Saturday 18 December 2021 3:35 AM IST

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജി

സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്ന് നൽകിയ അപ്പീലിൽ സർക്കാരിനും സർവകലാശാലയ്ക്കും ഗവർണർക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നോട്ടീസ്. ജനുവരി 12ന് അപ്പീൽ വീണ്ടും പരിഗണിക്കും.ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേകദൂതൻ മുഖേന നോട്ടീസ് കൈമാറും. വൈസ് ചാൻസലർ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കണം. എന്നാൽ, ഇത് അദ്ദേഹത്തിനുള്ള നോട്ടീസല്ലെന്ന് കോടതി വ്യക്തമാക്കി.

60 വയസ് പിന്നിട്ട ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയതിനെതിരെ കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.
60വയസ് പിന്നിട്ടവരെ കണ്ണൂർ സർവകലാശാലാ നിയമപ്രകാരം വി.സിയായി നിയമിക്കാൻ കഴിയില്ലെന്നും വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിക്ക് രൂപം നൽകണമെന്നതടക്കമുള്ള യു.ജി.സിയുടെ വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

അപ്പീലിൽ ഗവർണറുടെ കത്തും

പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്ന സിംഗിൾ ബെഞ്ച് വിധി ശരിയല്ലെന്ന് അപ്പീൽ

രാഷ്ട്രീയ സമ്മർദ്ദത്തെ വിമർശിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്തും അപ്പീലിൽ പരാമർശിച്ചു

ക്വോവാറന്റോ ഹർജി

ഒരു വ്യക്തി സർവീസിൽ തുടരുന്നത് തടയാൻ ആവശ്യപ്പെട്ട് സമർപ്പിക്കുന്നതാണ് ക്വോവാറന്റോ ഹർജി.ഇതാണ്

ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് ഫയലിൽപ്പോലും സ്വീകരിക്കാതെ കഴിഞ്ഞദിവസം തള്ളിയത്.

Advertisement
Advertisement