മുള മഹോത്സവം നാളെ മുതൽ

Saturday 18 December 2021 1:33 AM IST

കൊച്ചി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുള മഹോത്സവം നാളെ (ഞായർ) കൊച്ചിയിൽ തിരിച്ചെത്തുന്നു. എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന മേളയിൽ 15 സ്ഥാപനങ്ങളും 300 ഓളം തൊഴിലാളികളും പങ്കെടുക്കും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേള. പ്രളയവും കൊവിഡും സമ്മാനിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മുള വിപണി വലിയ പ്രതീക്ഷയോടെയാണ് മേളയിലേക്ക് എത്തുന്നത്. കരകൗശല വസ്തുക്കൾ , ബാഗുകൾ , അലങ്കാര വിളക്കുകൾ , ഫണിച്ചറുകൾ, കർട്ടൻ , പൂക്കൾ , മാല, കമ്മൽ, വളകൾ എന്നുവേണ്ട മുള കൊണ്ടുള്ള ഉത്പന്നങ്ങൾ മുഴുവൻ മേളയിൽ അണിനിരക്കും. മുളയരി ബേക്കറി ഉത്പന്നങ്ങൾ ,മുളങ്കൂമ്പ് കൊണ്ടുള്ള വിഭവങ്ങൾ എന്നിവയാണ് ഇത്തവണത്തെ സവിശേഷത.

 ഉദ്ഘാടനം രാവിലെ

നാളെ രാവിലെ പത്തിന് മന്ത്രി പി . രാജീവ് മേള ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം..പി, ടി.ജെ. വിനോദ് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബാംബു മിഷൻ ഡയറക്ടർ എസ്.ഹരികിഷോർ, കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 അന്യസംസ്ഥാനക്കാർക്ക്

വിലക്ക്

2004 ഡിസംബർ മുതൽ എല്ലാ വർഷവും കൃത്യമായി തുടർന്നിരുന്ന മേള കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മുടങ്ങി. ശരാശരി ഒരു കോടി രൂപയുടെ കച്ചവടമാണ് മുൻ വർഷങ്ങളിൽ നടന്നിരുന്നത്. ആസാം, മിസോറാം , മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങൾക്കും ഏറെ ആരാധകരുണ്ടായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അന്യസംസ്ഥാനക്കാരെ പ്രദർശനത്തിൽ നിന്നൊഴിവാക്കി. കുടുംബശ്രീയുടെ ഫുഡ്‌ കോർട്ടിനും ഇത്തവണ മേളയിൽ പ്രവേശനമില്ല. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഫുഡ്‌കോർട്ട് വേണ്ടെന്നുവച്ചത്. പകരം മുള പായസം, ഉണ്ണിയപ്പം തുടങ്ങി മുള വിഭവങ്ങൾ ലഭിക്കുന്ന അഞ്ച് ഭക്ഷ്യസ്റ്റാളുകൾ ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.

 തൃക്കൈപ്പറ്റക്കാർ എത്തും

വയനാട്ടിലെ മുള ഗ്രാമം എന്നറിയപ്പെടുന്ന തൃക്കൈപ്പറ്റയിലെ സംരംഭകർ ഇത്തവണയും മേളയിലുണ്ട്. ഉത്പാദനം,
അസംസ്‌കൃത വസ്തുക്കളുടെ അഭാവം ,വിപണി എന്നിവയെല്ലാം കടുത്ത വെല്ലുവിളി നേരിട്ട രണ്ടു വർഷത്തെ ശൂന്യതയ്ക്ക് ശേഷം പ്രതീക്ഷയോടെയാണ് കൊച്ചിയിലേക്കുള്ള വരവെന്ന് വയനാട്ടിലെ ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം സെക്രട്ടറി സി. സുരേന്ദ്രനാഥ് പറഞ്ഞു. കരകൗശല ജീവനക്കാരുടെ ഏഴ് സംരംഭക യൂണിറ്റുകൾ ചേർന്ന എലമെന്റ്സ് ബാംബൂ ആർട്ട് ക്രാഫ്ട് ഇന്നവേഷൻ എന്ന സംഘടനയും മേളയിൽ സജീവമാകും. വനിതാ യൂണിറ്റുകളും ആദിവാസി യൂണിറ്റുകളും ഈ കൂട്ടായ്മയിൽ ഉണ്ട്.

Advertisement
Advertisement