അഞ്ചു വർഷം കൊണ്ട് 500 ടൺ ആട്ടിറച്ചി, 17,000 ലിറ്റർ ആട്ടിൻപാൽ

Saturday 18 December 2021 12:07 AM IST
ജി​ല്ലയി​ൽ ആട്ടി​റച്ചി​യും ആട്ടി​ൻപാലും ഉത്പാദനം വർദ്ധി​പ്പി​ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിയം മേഖല ബീജസങ്കലന കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ.ദാനിയേൽ നിർവഹിക്കുന്നു

കൊല്ലം: ജില്ലയിൽ 5 വർഷത്തിനിടെ 500 ടൺ ആട്ടിറച്ചിയും 17,000 ലിറ്റർ ആട്ടിൻ പാലും ഉത്പാദിപ്പിക്കാനുള്ള പദ്ധതികളുമായി​ മൃഗസംരക്ഷണ വകുപ്പ്. ഇതിനായി വ്യാവസായിക അടി​സ്ഥാനത്തി​ൽ ആടുവളർത്തൽ, ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് എന്നി​വയ്ക്കാണ് രൂപം നൽകിയത്.

20 കുടുംബങ്ങൾക്ക് മൊത്തം 380 പെണ്ണാടുകളെയും 20 മുട്ടനാടുകളെയും നല്കുന്നതാണ്‌ വ്യാവസായിക ആടുവളർത്തൽ.
53 യൂണിറ്റുകളായി യൂണിറ്റൊന്നിന് 5 പെണ്ണാടുകളേയും ഒരു മുട്ടനാടിനെയും നൽകുന്നതാണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്.

ഒരു വർഷത്തിൽ രണ്ടു മുതൽ മൂന്നു കുട്ടികളെ വരെ പ്രസവി​ക്കുന്ന മലബാറി ആടുകളെയാണ് പദ്ധതിയിലൂടെ നൽകുക.

രണ്ട് പദ്ധതികളിലുമായി 645 പെണ്ണാടുകളും 73 മുട്ടനാടുകളും ജില്ലയിലേക്ക് അധികമായി വരും.

82.25 ലക്ഷം രൂപയാണ് പദ്ധതികളുടെ അടങ്കൽ തുക. ഗുണഭോക്താക്കൾക്ക് 3 ദിവസത്തെ പരിശീലനവും ഫാം സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിയം മേഖലാ ബീജസങ്കലന കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ.ദാനിയേൽ നിർവഹിച്ചു. പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രൻ അദ്ധ്യക്ഷയായി.പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കമാർ, അസി. പ്രോജക്ട് ഓഫീസർ ഡോ.കെ.എസ്.സിന്ധു, ഡോ.എ.എൽ. അജിത്, ഡോ.നീന സോമൻ, ഡോ. ഷമീമ എന്നിവർ സംസാരിച്ചു

Advertisement
Advertisement