 എങ്ങുമെത്താതെ ചാത്തമംഗലം - പാലക്കാടി റോഡ് എന്ന് തീരും ഈ ദുരിതം?

Sunday 19 December 2021 12:03 AM IST
ഒന്നരവർഷത്തോളമായി പണിപൂർത്തിയാകാത്ത ചാത്തമംഗലം പാലക്കാടി റോഡ്

കുന്ദമംഗലം: അഞ്ചോളം ബസുകൾ സർവീസ് നടത്തുകയും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജനങ്ങൾ യാത്രചെയ്യുകയും ചെയ്തിരുന്ന ചാത്തമംഗലം - പാലക്കാടി റോഡ് കുത്തിപ്പൊളിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇത്രയും കാലം മഴക്കാലത്ത് ചെളികൊണ്ടും വേനലിൽ പൊടികൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തുകാർ. കോഴിക്കോട് നിന്ന് എം.വി.ആർ കാൻസർ സെന്റർ, കുന്ദമംഗലത്ത് നിന്ന് മാവൂർ, അരീക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പ മാർഗമാണിത്. മാത്രമല്ല ചൂലൂർ പി.എച്ച്.സിയിലേക്കുള്ള രോഗികളുടെയും കൊവിഡ് വാക്സിൻ സ്വീകരിക്കാൻ വരുന്നവരുടെയും ഏക യാത്രാമാർഗവുമാണ്.വേനൽകാലത്ത് പൊടി വീട്ടിനുള്ളിലെത്തുന്നതിനാൽ പരിസരവാസികൾക്ക് അലർജി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കുത്തിപൊളിച്ചിട്ടിരിക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ മടിക്കുകയാണ്.

ഒന്നര വർഷം മുമ്പ് പി.ടി.എ റഹീം എം.എൽ.എ മുൻകൈയ്യെടുത്താണ് റോഡിന് ഏഴ് കോടിരൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്. എം.എസ് ബിൾഡേഴ്‌സിനാണ് പ്രവൃത്തി ചുമതല. 2020 ജനുവരിയിൽ തന്നെ കരാറുകാരെ ഏൽപ്പിച്ചിരുന്നെങ്കിലും പ്രവൃത്തി ആരംഭിച്ചത് ജൂൺ 30നാണ്.ചാത്തമംഗലം മുതൽ പാലക്കാടി വരെ 3.4 കിലോമീറ്ററാണ് നവീകരിക്കേണ്ടത്. ഗ്രാമീണ റോഡിന്റെ നിലവാരം മാത്രമുണ്ടായിരുന്ന പ്രസ്തുത റോഡ് ബി.എം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് പണി ആരംഭിച്ചത്.

ഇരുഭാഗത്തും ഓവുചാലുകളും അഞ്ചരമീറ്റ‌ർ വീതിയിൽ ടാറിംഗുമുള്ള വലിയ ഹൈവെയാണ് പദ്ധതി. എന്നാൽ പലയിടത്തും റോഡിനോട് ചേർന്നുള്ള സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുകയാണ്. ഈ ഭൂമി ഒഴിപ്പിച്ചെടുത്ത് നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് സർവ്വേ നടപടികൾ തുടങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും പലവട്ടം സർവെ നടത്തിയിട്ടും തർക്കങ്ങൾ മൂലം നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

റോഡിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമ്മാണവും ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പലവിധ തടസങ്ങളാണ് പറയുന്നതെങ്കിലും അധികൃതർ കണ്ണ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ.

പൊതുമരാമത്ത് വകുപ്പിന്റെ ഒരിഞ്ച് സ്ഥലവും നഷ്ടപ്പെട്ടുപോകരുത്.സർവ്വേ പ്രകാരം ഭൂമി ആരുടേതാണെങ്കിലും ഏറ്റെടുക്കണം വേണുചാത്തമംഗലം റിട്ട.അദ്ധ്യാപകൻ,പൊതുപ്രവർത്തകൻ

ഇനിയും പരാതികൾക്ക് അവസരം നൽകാതെ ഗുണമേന്മയോടുകൂടിതന്നെ പ്രവൃത്തി പൂർത്തീകരിക്കണം സന്തോഷ് നെച്ചൂളി പൊതുപ്രവർത്തകൻ

പൊതുമരാമത്ത് വകുപ്പിലേയും റവന്യൂവകുപ്പിലേയും ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് റോഡ്പണി ഇഴഞ്ഞുനീങ്ങുവാൻ കാരണം. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള കളിയാണോ എന്നും സംശയിക്കുന്നു കെ.പി സഹദേവൻ പൊതുപ്രവർത്തകൻ

ഒരു മൂന്നരകിലോമീറ്റർ ഗ്രാമീണ റോഡിന് 7 കോടി രൂപ ചെലവാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സ്വകാര്യ കോർപ്പറേറ്റ് ആശുപത്രിയെ സഹായിക്കുവാൻ മാത്രമാണ് ഇത്രയും വലിയറോഡ്. പക്ഷെ ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എം.കെ അനീഷ് പൊതുപ്രവർത്തകൻ

Advertisement
Advertisement