കിട്ടാക്കടം ഇരട്ടിയാക്കി പൊതുമേഖലാ ബാങ്കുകൾ

Sunday 19 December 2021 3:30 AM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എയുടെ ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം (മൊത്തം നിഷ്‌ക്രിയ ആസ്‌തി - ജി.എൻ.പി.എ) ഇരട്ടിയായി ഉയർന്നുവെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2014 ജൂണിലെ 2.24 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സെപ്‌തംബറിൽ 5.40 ലക്ഷം കോടി രൂപയായാണ് വർദ്ധനയെന്ന് കേന്ദ്ര ധനസഹമന്ത്രി ഡോ.ഭഗവാൻ കാരഡ് രാജ്യസഭയിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാരിന് ഓഹരി പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐ ബാങ്കുൾപ്പെടെ 13 പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത മൊത്ത നിഷ്‌ക്രിയ ആസ്‌തിയാണിത്. അതേസമയം, നിലവിലെ മൊത്തം വായ്‌പയുമായി താരതമ്യം ചെയ്യുമ്പോൾ കിട്ടാക്കട അനുപാതം കുറഞ്ഞിട്ടുണ്ട്. 2014 ജൂണിലെ 12.17 ശതമാനത്തിൽ നിന്ന് 10.52 ശതമാനമായാണ് ഇതു കുറഞ്ഞത്.

ഏറ്റവുമധികം മൊത്തം നിഷ്‌ക്രിയ ആസ്‌തി, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്കാണ്; 1.21 ലക്ഷം കോടി രൂപ. 98,484 കോടി രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാമത്. അതേസമയം, റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2018 മാർച്ച് 31ലെ 10.36 ലക്ഷം കോടി രൂപയിൽ നിന്ന് കിട്ടാക്കടം 2021 മാർച്ച് 31ൽ 8.35 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

കിട്ടാക്കടം ഊർജിതമായി തിരിച്ചുപിടിക്കാനും ബാങ്കുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമായി കേന്ദ്രസർക്കാർ നടപ്പാക്കിയ റെസൊല്യൂഷൻ തയ്യാറാക്കൽ, മൂലധന സഹായം നൽകൽ തുടങ്ങിയ നടപടികളാണ് ഇതിന് സഹായിച്ചത്. ഇതുവഴി, കഴിഞ്ഞ ഏഴുവർഷത്തിനിടെ 7.19 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചുവെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പ്രതിദിനം 229

ബാങ്കിംഗ് തട്ടിപ്പുകൾ

കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) രാജ്യത്തെ ബാങ്കുകളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്‌തത് ശരാശരി 229 കേസുകൾ. തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട തുകയിൽ തിരിച്ചുപിടിച്ചതാകട്ടെ വെറും 0.7 ശതമാനം മാത്രമെന്നാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്.

 2020-21ലെ ആകെ കേസുകൾ : 83,638

 തട്ടിപ്പിലുൾപ്പെട്ട തുക : ₹1.38 ലക്ഷം കോടി

 തിരിച്ചുപിടിച്ചത് : ₹1,031.31 കോടി

 2019-20ലെ കേസുകൾ : 84,540

 പ്രതിദിന ശരാശരി : 231

 ആകെ തുക : ₹1.86 ലക്ഷം കോടി

 തിരിച്ചുപിടിച്ചത് : ₹16,197 കോടി

കേസും തിരിച്ചുപിടിക്കലും

2007-08ൽ ആകെ കേസുകൾ 3,367 എണ്ണമായിരുന്നു. തട്ടിപ്പിലുൾപ്പെട്ട തുകയിൽ നിന്ന് തിരിച്ചുപിടിച്ചത് 47.3%. 2016-17ൽ കേസുകൾ 5,071. തിരിച്ചുപിടിച്ച തുക 5.2%.

മോദിയും മൻമോഹനും

ഡോ.മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2007-2014 കാലയളവിലെ തട്ടിപ്പ് കണക്ക് മോദിയുടെ ഭരണകാലയളവിനേക്കാൾ കുറവാണ്.

മൻമോഹന്റെ യു.പി.എ:

 കേസുകൾ : 29,451

 തുക : ₹31,674 കോടി

 തിരിച്ചുപിടിച്ചത് : ₹7,493 കോടി

 റിക്കവറി അനുപാതം : 23.7%

മോദിയുടെ എൻ.ഡി.എ

(2014-15 മുതൽ 2020-21 വരെ)

 കേസുകൾ : 2.84 ലക്ഷം

 തുക : ₹5.99 ലക്ഷം കോടി

 തിരിച്ചുപിടിച്ചത് : ₹49,000 കോടി

 റിക്കവറി അനുപാതം : 9.8%

Advertisement
Advertisement